Categories
news

നിർമ്മാണ ചെലവ് 263 കോടി രൂപ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പാലം ഒരു മാസം തികയും മുമ്പെ തകര്‍ന്നു വീണു

അഴിമതിയുടെ ഭീഷ്മാചാര്യനായ നിതീഷ്‌കുമാര്‍ ഇതേ കുറിച്ച് ഒരുവാക്ക് പോലും ഉച്ചരിക്കില്ല. ബിഹാറിലെങ്ങും കൊള്ളയടി മാത്രമാണ്

ബീഹാറില്‍ 263 കോടി രൂപ ചെലവില്‍ പണിത പാലം ഉദ്ഘാടനം ചെയ്ത് ഒരു മാസം തികയും മുമ്പെ തകര്‍ന്നു വീണു. ഗോപാല്‍ഗഞ്ചിലെ ഗന്ധക് നദിക്കു കുറുകെ പണിത പാലം ഒരു മാസം മുമ്പാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തത്. പട്നയിൽ നിന്ന് 150 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഗോപാൽഗഞ്ചിലെ സത്തർ ഘാട്ട് പാലമാണ് തകർന്നത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് സത്തര്‍ ഘാട്ട് പാലത്തിന്‍റെ ഒരു ഭാഗം മുഴുവനായും തകര്‍ന്നടിയുകയായിരുന്നു.

കഴിഞ്ഞ നാല് ദിവസമായി ബീഹാറില്‍ കനത്ത മഴയാണ്. ജൂണ്‍ 16നാണ് 1.4 കിമീറ്റര്‍ നീളുള്ള പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്. എട്ട വര്‍ഷം മുമ്പാണ് പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. ബീഹാര്‍ രാജ്യ പുല്‍ നിര്‍മാണ്‍ നിഗാം ലിമിറ്റഡിനായിരുന്നു നിര്‍മ്മാണച്ചുമതല.

“263 കോടി രൂപ ചെലവില്‍ എട്ട് വര്‍ഷം കൊണ്ട് പണിത പാലം വെറും 29 ദിവസം കൊണ്ടാണ് തകര്‍ന്നത്. അഴിമതിയുടെ ഭീഷ്മാചാര്യനായ നിതീഷ്‌കുമാര്‍ ഇതേ കുറിച്ച് ഒരുവാക്ക് പോലും ഉച്ചരിക്കില്ല. ബിഹാറിലെങ്ങും കൊള്ളയടി മാത്രമാണ്.” ലാലുപ്രസാദ് യാവിന്‍റെ മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് ആരോപിച്ചു.

നിതീഷ്‌കുമാറിന്‍റെ ഭരണത്തിനു കീഴില്‍ പാലങ്ങള്‍ തകരുന്നത് നിത്യ സംഭവമായിരിക്കുകയാണ്. പാലം പണി പൂര്‍ത്തിയാവുന്നതിനു മുമ്പാണോ രാഷ്ട്രീയ ലാഭത്തിനായി അദ്ദേഹം പാലം ഉദ്ഘാടനം ചെയ്തതതെന്ന് ചോദിച്ച തേജസ്വി നിര്‍മ്മാണ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും ‌ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *