Trending News


കൊച്ചി: ഏറെ വിവാദങ്ങൾക്കൊടുവിൽ ബോബി ചെമ്മണ്ണൂരിന്‍റെ ജയിൽ മോചനം സംബന്ധിച്ച കാര്യങ്ങളിൽ ഹൈക്കോടതി തീരുമാനം കൈകൊണ്ടു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിട്ടും ജയിൽ മോചനം സംബന്ധിച്ച ബോണ്ടിൽ ബോബി ഒപ്പിടാതെ ജയിലിൽ തുടർന്നത് വിവാദമായിരുന്നു. അതിനാൽ ഇന്ന് രാവിലെ സ്വമേധയാ കേസ് പരിഗണിച്ച കോടതി ഇരു അഭിഭാഷകരോടും കാരണം ആരാഞ്ഞു. രൂക്ഷ വിമർശനമാണ് കോടതി ഉയർത്തിയത്. ജാമ്യം അനുവദിച്ചിട്ടും കോടതിയെ വെല്ലുവിളിക്കുകയാണോ.? എന്നതായിരുന്നു കോടതിയുടെ ചോദ്യം. കോടതിക്ക് ജാമ്യം റദ്ദ് ചെയ്യാനുള്ള അവക്ഷം ഉണ്ടെന്നും ഹൈക്കോടതി ജഡ്ജ് സൂചിപ്പിച്ചു. പിന്നീട് ഉച്ചക്ക് കേസ് പരിഗണിച്ചപ്പോൾ ബോബി ചെമ്മണ്ണൂരിന്‍റെ അഭിഭാഷകർ കോടതിയിൽ മാപ്പ് അപേക്ഷ നൽകി. സംഭവത്തിൽ നിരുപാധികം മാപ്പ് അപേക്ഷിച്ച ബോബി ഭാവിയിൽ വാക്കുകളിൽ സൂക്ഷമത പാലിക്കും എന്ന ഉറപ്പും കോടതിക്ക് മുമ്പാകെ സമർപ്പിച്ചു. ഇത് കോടതി അംഗീകരിച്ചു. പിന്നീടാണ് ഉത്തരവ് തീർപ്പാക്കിയത്.
Also Read
ഇനി ഇത്തരത്തിൽ വാ തുറക്കരുതെന്ന് ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ക്ഷമ ചോദിക്കുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൂടുതലൊന്നും പറയുന്നില്ലെന്നും കേസ് നടപടി അവസാനിപ്പിക്കുകയാണെന്നും കോടതി പറഞ്ഞു. മറ്റുള്ള തടവുകാർക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുക്കുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അത് അനുവദിക്കാൻ ആകില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണൻ വ്യക്തമാക്കി. പ്രഥമദൃഷ്ടിയ ബോബി ചെമ്മണ്ണൂരിന് തെറ്റുപറ്റി. ബോബി ചെമ്മണ്ണൂർ ഇന്നിറങ്ങിയാലും നാളെ ഇറങ്ങിയാലും കോടതിക്ക് പ്രശ്നമല്ല, എന്നാൽ കോടതിയെ വെല്ലുവിളിക്കുന്ന നിലപാട് അംഗീകരിക്കാൻ ആവില്ല. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ജയിലിലെ റിമാന്‍ഡ് തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍ ജയിലിൽ തുടര്‍ന്ന സംഭവമാണ് കോടതിയെ ചൊടിപ്പിച്ചത്. മാധ്യമ വാർത്ത സംബന്ധിച്ച കാര്യങ്ങളിൽ സംശയം പ്രകടിപ്പിച്ച കോടതിയോട്, മാധ്യമങ്ങള്‍ വന്ന് ചോദിച്ചപ്പോള്‍ റിമാന്‍ഡ് തടവുകാരുടെ കാര്യം പറഞ്ഞുപോയതാണെന്നും അഭിഭാഷകര്‍ പറഞ്ഞു. മാധ്യമ ശ്രദ്ധ കിട്ടാനല്ല ബോബി ജയിലിൽ തുടർന്നത് എന്നും അത് മാധ്യമ വാർത്ത മാത്രമാണെന്നും ജാമ്യ ഉത്തരവ് ഇന്നാണ് ജയിലിൽ എത്തിയതെന്നുമാണ് അഭിഭാഷകര്‍ കോടതിയിൽ നൽകിയ വിശദീകരണം.

Sorry, there was a YouTube error.