Trending News


തൃശ്ശൂർ: ആദ്യ കുഞ്ഞിൻ്റെ മുഖം ഒരു നോക്കു കാണുന്നതിന് മുമ്പേ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി യുവാവ്. തൃശ്ശൂർ വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണൻ്റെ മകൻ ശരത്ത് (30) ആണ് കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. ശരത്തിൻ്റെ ഭാര്യ നമിതയെ തലേന്ന് വൈകിട്ടാണ് തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ആദ്യ പ്രസവത്തിൽ ഭാര്യയ്ക്ക് സമീപം എത്താനുള്ള കാത്തിരിപ്പിന് ഇടയിലാണ് അപ്രതീക്ഷിതമായി മരണം ശരത്തിനെ തേടിയെത്തിയത്.
Also Read
മൂന്നുവർഷം മുമ്പാണ് ശരത്തും നമിതയും വിവാഹിതരാകുന്നത്. ആദ്യത്തെ കൺമണിയുടെ ജനനം പ്രതീക്ഷിച്ചിരുന്ന നമിതയെ കാത്തിരുന്നത് ഭർത്താവിൻ്റെ മരണവാർത്തയും. ശരത്തിൻ്റെ മരണ വാർത്തയറിയാതെയാണ് നമിത സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്.

ശരത്തിൻ്റെ മരണവാർത്ത നമിതയെ അറിയിക്കാനാകാത്ത അവസ്ഥയിലായിരുന്നു വീട്ടുകാർ. പ്രസവ ശസ്ത്രക്രിയാ മുറിയിൽ നിന്ന് തിങ്കളാഴ്‌ച വൈകിട്ടും നമിതയെ പുറത്ത് എത്തിച്ചിരുന്നില്ല.
ശരത്തിന് അപകടം സംഭവിക്കുന്നതിൻ്റെ തലേദിവസമാണ് നമിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശരത്തിൻ്റെ അമ്മയും അച്ഛനുമായിരുന്നു നമിതയ്ക്കൊപ്പം ഉണ്ടായിരുന്നത്. രാവിലെ ആശുപത്രിയിൽ എത്താമെന്നാണ് ശരത്ത് പറഞ്ഞിരുന്നത്. ചിറയ്ക്കൽ സെൻ്റെറിൽ മൊബൈൽ ഫോൺ കട നടത്തുന്ന ശരത്ത് രാത്രി കടയടച്ച ശേഷം സുഹൃത്തിൻ്റെ ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം.
നിർമാണം നടക്കുന്ന റോഡിൽ മെറ്റലിട്ട ഭാഗത്ത് നിയന്ത്രണം വിട്ട് ബൈക്ക് വീഴുകയായിരുന്നു. സമീപത്തെ മതിലിൽ ഇടിച്ചു വീണ ശരത്തിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം പ്രസവ നോവനുഭവിച്ച് നമിത ആശുപത്രിയിലായിരുന്നു. ഉച്ചയോടെയാണ് നമിത കുഞ്ഞിന് ജന്മം നൽകുന്നത്.

Sorry, there was a YouTube error.