Categories
local news news

ശൈലീ സർവ്വേയിൽ ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം ജില്ലയിൽ ഒന്നാമത്

കാസറഗോഡ്: ജീവിത ശൈലീ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ശൈലീ സർവ്വേയിൽ ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബെള്ളൂർ കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെയും ബെള്ളൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെയും മേൽനോട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ ആശാ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് ശൈലീ സർവ്വേ നൂറ് ശതമാനം പൂർത്തീകരിച്ച് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. സർവ്വേയുടെ ഭാഗമായി ബെള്ളൂർ ഗ്രാമ പഞ്ചായത്തിലെ 30 വയസിനു മുകളിൽ പ്രായമുള്ള മുഴുവൻ ആളുകളെയും ശാസ്ത്രീയമായ ചോദ്യാവലി ഉപയോഗിച്ച് സ്‌ക്രീനിങ്ങിനു വിധേയമാക്കുകയും രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുമ്പ് തന്നെ രോഗ സാധ്യതകൾ തിരിച്ചറിഞ്ഞ് ജീവതശൈലീ മാറ്റം നിർദ്ദേശിക്കുകയും ചെയ്തു. രോഗലക്ഷണങ്ങൾ പ്രകടമായവർക്ക് ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ചികിത്സ ആരംഭിച്ചു. പ്രമേഹം, രക്താതിമർദ്ദം, വായിലെ കാൻസർ, സ്തനാർബുദം, ഗർഭാശയ മുഖ കാൻസർ, ശ്വാസ കോശ രോഗങ്ങൾ എന്നീ രോഗങ്ങളാണ് സർവ്വേയുടെ ഭാഗമായി സ്‌ക്രീനിങ്ങിനു വിധേയമാക്കിയത്.

ബെള്ളൂർ ഗ്രാമ പഞ്ചായത്തിലെ 2517 വീടുകളാണ് സർവ്വേയുടെ ഭാഗമായി ആശ പ്രവർത്തകർ സന്ദർശിച്ചത്. 5873പേരെ പരിശോധിച്ച് രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയവർക്ക് ചികിത്സ നിർദ്ദേശിച്ചു. ഇതോടൊപ്പം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ആരോഗ്യ ബോധവൽക്കരണ ശീലവൽക്കരണ പ്രവർത്തനങ്ങളും നടത്തി. രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയ മുഴുവൻ ആളുകളുടെയും ചികിത്സ ഉറപ്പാക്കുന്നതിനായി തുടർ ഗൃഹ സന്ദർശനങ്ങളും സർവ്വേയുടെ ഭാഗമായി സംഘടിപ്പിക്കും. ശൈലീ സർവ്വേയിൽ നൂറ് ശതമാനം നേട്ടം കൈവരിച്ച ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ ആശ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും പ്രവർത്തനത്തിന് മേൽനോട്ടം നൽകിയ ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി.വി. ജ്യോതി മോളെയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീധരയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസും അഭിനന്ദിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest