Categories
national news

മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്‍ററി വിലക്ക്; നിരോധനത്തിന്‍റെ യഥാർത്ഥ രേഖകൾ വിളിച്ചു വരുത്തി സുപ്രീംകോടതി; കേന്ദ്രസര്‍ക്കാരിന് നോട്ടീസ്

നേരത്തെ ഡോക്യുമെന്ററി വിലക്കിനെതിരായ ഹർജികളിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വിമർശനം ഉന്നയിച്ചിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ബിബിസി ഡോക്യുമെന്ററി വിലക്കിയതിന് എതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി സുപ്രിംകോടതി. ബി.ബി.സി ഡോക്യുമെന്ററി വിലക്കിയതിന്‍റെ യഥാര്‍ത്ഥ രേഖകള്‍ സുപ്രിംകോടതി വിളിച്ചുവരുത്തി.

ബി.ബി.സി ഡോക്യുമെന്‍ററി വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. രണ്ട് ഹര്‍ജികളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം.സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം, മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ എം.പി. മഹുവ മോയിത്ര എന്നിവരുടേതായിരുന്നു ആദ്യ ഹർജി. അഭിഭാഷകനായ എം.എല്‍.ശര്‍മയുടേതാണ് രണ്ടാം ഹർജി.

നേരത്തെ ഡോക്യുമെന്ററി വിലക്കിനെതിരായ ഹർജികളിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വിമർശനം ഉന്നയിച്ചിരുന്നു. സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതാണ് ഇത്തരം ഹർജികൾ എന്നാണ് നിയമമന്ത്രി പറഞ്ഞത്. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ച ഇന്ത്യ: ദി മോഡി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളില്‍ നിന്ന് വിലക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

ഡോക്യുമെന്ററി കേന്ദ്രം നേരിട്ടോ പരോക്ഷമായോ വിലക്കിയ എല്ലാ ഉത്തരവുകളും റദ്ദാക്കാന്‍ സുപ്രിംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഡോക്യുമെന്ററി കാണാനും വിമര്‍ശിക്കാനും പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *