Categories
Kerala news

എസ്.എഫ്.ഐക്ക് എതിരെയുള്ള ആക്രമണം; യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ് ആശുപത്രിയിൽ, മഹാരാജാസ് കോളേജ് അടച്ചു, ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ കേസെടുത്തു

എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം അശ്വതിയെ കുപ്പിച്ചില്ലു കൊണ്ട് ആക്രമിച്ചു

എറണാകുളം: മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വ്യാഴാഴ്‌ച നടന്ന ഗവേണിംഗ് കൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്നാണ് കോളേജ് അടച്ചതെന്ന് പ്രിന്‍സിപ്പല്‍ വി.എസ് ജോയി അറിയിച്ചു.

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സെക്രട്ടറി അബ്ദുള്‍ നാസറിനെയാണ് ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവര്‍ത്തകര്‍ ക്യാമ്പസിനകത്തിട്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം അശ്വതിയെ കുപ്പിച്ചില്ലു കൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ബുധനാഴ്‌ച അര്‍ധ രാത്രിയായിരുന്നു സംഭവം. എം.ജി സര്‍വ്വകലാശാല നാടകോത്സവത്തിൻ്റെ ഭാഗമായി ക്യാമ്പസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടക ചുമതലയുടെ ‘ ഭാഗമായി അബ്ദുള്‍ നാസിറും എസ്.എഫ്.ഐ പ്രവര്‍ത്തകരും ക്യാമ്പസിലുണ്ടായിരുന്നു.

പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ക്യാമ്പസിലെ ഫ്രറ്റേണിറ്റി നേതാവായ ബിലാല്‍, കെ.എസ്.യു നേതാവ് അമല്‍ ടോമി എന്നിവരുടെ നേതൃത്വത്തില്‍ അക്രമിസംഘം ക്യാമ്പസിലെത്തുകയും എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്‌തതെന്ന് മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം പറഞ്ഞു.

കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. അബ്ദുള്‍ നാസറിൻ്റെ ശരീരമാസകലം കോറിവരച്ച് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്‌തുവെന്നും തമീം പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ നാസര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈക്ക് പരുക്കേറ്റ അശ്വതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

കെ.എസ്.യു ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ ഉള്‍പ്പെടെ ഒമ്പത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥി അബ്ദുല്‍ മാലിക്കാണ് ഒന്നാംപ്രതി. ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ രണ്ടാം പ്രതിയും കെ.എസ്.യു മണ്ഡലം സെക്രട്ടറി അമല്‍ ടോമി ഏഴാം പ്രതിയുമാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest