Trending News
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തല്‍. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴപെയ്യുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിയോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ അത് ശ്രീലങ്ക പേര് നല്‍കിയ ‘അസാനി’ എന്നാണ് അറിയപ്പെടുക. ‘ഉഗ്രമായ കോപം’ എന്നാണ് ഈ വാക്കിനര്‍ഥം. മണിക്കൂറില്‍ 100 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശാവുന്ന അസാനി ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കും. ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റ് കേരളത്തെ ബാധിച്ചേക്കില്ല. ഇടിമിന്നലും കാറ്റും അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെ.എസ്.ഇ.ബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.
Sorry, there was a YouTube error.