Categories
Gulf news

ഇസ്രായേല്‍ അധിനിവേശത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ നിശബ്‌ദതയെ വിമര്‍ശിച്ച്‌ അറബ് പാര്‍ലമെണ്ട്

നിഷ്ഠൂരമായി ബോംബെറിഞ്ഞ് അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നതും യുദ്ധകുറ്റമാണ്

ജിദ്ദ: ഇസ്രായേലിന്‍റെ മാനുഷികതയും മര്യാദയും ലംഘിച്ചുള്ള അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമൂഹം തുടരുന്ന ലജ്ജാകരമായ നിശബ്ദതയെ വിമര്‍ശിച്ച്‌ അറബ് പാര്‍ലമെണ്ട്. ശനിയാഴ്‌ച അറബ് പാര്‍ലമെണ്ട് പ്രസിഡണ്ട് ആദില്‍ ബിൻ അബ്ദുറഹ്മാൻ അല്‍അസൂമിയുടെ നേതൃത്വത്തില്‍ കെയ്റോയിലെ അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയേറ്റ് ആസ്ഥാനത്ത് നടന്ന യോഗം ഫലസ്തീൻ ജനതക്ക് സമ്പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

അധിനിവേശ ശക്തി ഫലസ്തീനില്‍ വംശഹത്യ യുദ്ധം തുടരുന്നതും ഗസ്സയിലും പരിസരങ്ങളിലും നിഷ്ഠൂരമായി ബോംബെറിഞ്ഞ് അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നതും യുദ്ധകുറ്റമാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികളായ സാധാരണക്കാരെ ബോധപൂര്‍വം ലക്ഷ്യമിട്ടാണ് ആക്രമണം.

നൂറുക്കണക്കിനാളുകള്‍ മരിക്കാനും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുമിടയാകുന്നതാണ് ഫലസ്തീനിലെ നിലവിലെ സാഹചര്യം. വലിയ മാനുഷിക ദുരന്തമാണ് സംഭവിക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ ഉണരണമെന്നും യോഗം ആവശ്യപ്പെട്ടു.

മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തു. ഫലസ്തീനിലെ സ്ഥിതിഗതികളുടെ ഗൗരവത്തെ കുറിച്ചും മനുഷ്യത്വ രഹിതമായ നടപടികളെ കുറിച്ചും അന്താരാഷ്ട്ര സമൂഹം ഇനിയും നിശബ്ദത തുടര്‍ന്നാല്‍ മേഖലയില്‍ അപകടകരമായ സ്ഥിതിവിശേഷമാണ് ഉണ്ടാവുകയെന്നും അത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

അറബികളുടെ പ്രഥമവും കേന്ദ്രീയവുമായ പ്രശ്‌നം കടന്നു പോകുന്ന ഈ നിര്‍ണായക നിമിഷത്തില്‍ ഫലസ്തീൻ ജനതയോട് സമ്പൂര്‍ണമായി ഐക്യപ്പെടുകയാണെന്നും അറബ് പാര്‍ലമെണ്ട് വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *