Categories
international news

ആപ്പിൾ സ്റ്റോർ ഭിത്തി തുരന്ന് മോഷണം; നഷ്ടപ്പെട്ടത് നാല് കോടി രൂപയോളം വില വരുന്ന ഫോണുകൾ

സംഭവം അന്വേഷിക്കാൻ “ലിൻവുഡ് പോലീസുമായി” ചേർന്ന് സഹകരിക്കുമെന്ന് ആൽഡർവുഡിൻ്റെ വക്താവ് പറഞ്ഞതായും റിപ്പോർട്ട് പറയുന്നു.

നാല് കോടി രൂപയോളം വില വരുന്ന ആപ്പിൾ ഫോണുകൾ മോഷണം പോയി. വാഷിംഗ്ടണിലെ ആൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിലാണ് സംഭവം നടന്നത്. സമീപത്തെ ഒരു കോഫി ഷോപ്പ് (സിയാറ്റിൽ കോഫി ഗിയർ) വഴിയാണ് മോഷ്ടാക്കൾ ലൊക്കേഷനിലേക്ക് നുഴഞ്ഞുകയറിയത്. പുലർച്ചെയാണ് സംഭവം നടന്നത്.

ആ സമയത്ത് ആപ്പിൾ സ്റ്റോറിൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. സിയാറ്റിൽ കോഫി ഗിയറിൻ്റെ സി.ഇ.ഒ മൈക്ക് അറ്റ്കിൻസൻ്റെ ട്വീറ്റ് അനുസരിച്ച് കൊള്ളയടിക്കപ്പെട്ട ആപ്പിൾ സ്റ്റോറിന് സമീപമുള്ള അദ്ദേഹത്തിൻ്റെ റീട്ടെയിൽ ഷോപ്പിൽ രണ്ട് പേർ അതിക്രമിച്ചു കയറിയിരുന്നു. കോഫി ഷോപ്പിനുള്ളിൽ കയറിയ മോഷ്ടാക്കൾ ബാത്ത്റൂം ഭിത്തിയിൽ ഒരു ദ്വാരമുണ്ടാക്കിയാണ് ആപ്പിൾ സ്റ്റോറിനുള്ളിൽ കടന്നത്. കോഫി ഷോപ്പിൽ നിന്ന് ഒന്നും മോഷ്ടിച്ചിട്ടില്ല.

സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയം ഉണ്ടെന്ന് സ്റ്റോറുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. സ്റ്റോറിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളവർക്കേ ഇത് ചെയ്യാനാകൂ എന്നും അവർ ചൂണ്ടിക്കാട്ടി. സംഭവം അന്വേഷിക്കാൻ “ലിൻവുഡ് പോലീസുമായി” ചേർന്ന് സഹകരിക്കുമെന്ന് ആൽഡർവുഡിൻ്റെ വക്താവ് പറഞ്ഞതായും റിപ്പോർട്ട് പറയുന്നു.

മോഷണത്തിൻ്റെ നിരീക്ഷണ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് സൂചന. എന്നാൽ, അന്വേഷണം നടക്കുന്നതിനാൽ ദൃശ്യങ്ങൾ പരസ്യമായി പുറത്തുവിട്ടിട്ടില്ല. ഈ വിഷയത്തിൽ ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. മോഷണം പോയ ഐഫോണുകളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *