Categories
Kerala news

നടിയെ ആക്രമിച്ച കേസിൽ ജഡ്‌ജിക്കെതിരായ ആരോപണം എന്ത് അടിസ്ഥാനത്തിൽ; അതിജീവിതയോട് ഹൈക്കോടതി ചോദിച്ചു

അതിജീവിതയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി. വിചാരണക്കോടതി ജഡ്‌ജിക്കെതിരേ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിൽ ആണെന്ന് ഹൈക്കോടതി ചോദിച്ചു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെന്‍ഡ്രൈവ് വിചാരണ കോടതിയില്‍ നിന്നാണ് തുറന്നതെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതാണ് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനം. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ആരോപണം ഉന്നയിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നല്‍കി. ഇതിനുപിന്നാലെ പ്രോസിക്യൂഷന്‍ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുകയാണോയെന്ന മറുചോദ്യവും ഹൈക്കോടതി ആരാഞ്ഞു.

കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എവിടെ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നും ആരെല്ലാമാണ് ഇത് കണ്ടതെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകും മുമ്പ് വിചാരണ കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന എന്ത് തെളിവാണുള്ളതെന്നും അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചാല്‍ സ്വാഭാവികമായി കോടതി ചെലവ് കൂടി ചുമത്തേണ്ടല്ലേയെന്ന ചോദ്യവും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി.

കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റി. അതിനിടെ അന്വേഷണം ശരിയായ ദിശയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *