Categories
local news

സർക്കാർ നൽകുന്നത് സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം; സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാക്കും: മുഖ്യമന്ത്രി

ക്രമസമാധാന പാലനത്തില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. പോലീസ് സേന എന്നത് കൂടുതല്‍ ജനകീയമായി കഴിഞ്ഞു.

കാസർകോട്: സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് പുതിയതായി നിര്‍മ്മിച്ച ജില്ലാ പോലീസ് മേധാവിയുടെ ചേമ്പര്‍, നവീകരിച്ച മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഹാള്‍, വിസിറ്റിങ് ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നിവയുടേതടക്കം സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നവീകരിച്ച നിര്‍മ്മിതികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനിതാ പോലീസ് സ്റ്റേഷന്‍, വനിതാ സെല്‍, പ്രത്യേക വനിതാ ബെറ്റാലിയന്‍ അതോടൊപ്പം അപരാജിത, പിങ്ക് പോലീസ്, നിഴല്‍, വനിതാ സ്വയം പ്രതിരോധ സംഘം ഇങ്ങനെ ഒട്ടേറെ പ്രവര്‍ത്തനങ്ങളുണ്ട്. ഇതോടൊപ്പമാണ് കേരളത്തിലെ ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ സേന എന്ന നിലയ്ക്ക് വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. കുറ്റാന്വേഷണ മികവ് അംഗീകരിക്കപ്പെട്ടു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ക്രമസമാധാന പാലനത്തില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. പോലീസ് സേന എന്നത് കൂടുതല്‍ ജനകീയമായി കഴിഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ നമ്മുടെ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളും കോവിഡും വന്നപ്പോള്‍ കേരള പോലീസ് സന്നദ്ധസേനാംഗങ്ങള്‍ക്കൊപ്പം മുന്നിട്ടിറങ്ങിയത് കേരളം കണ്ടതാണ്. സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുതകുന്ന മികച്ച ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ 18 പദ്ധതികളാണ് ഇന്ന് ഒരേ സമയം ഉദ്ഘാടനം ചെയ്തത്.

പോലീസ് സ്റ്റേഷനുകള്‍ ജനസൗഹൃദ കേന്ദ്രങ്ങളാകുന്നതിനും സേവനങ്ങള്‍ എളുപ്പത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനും ആധുനികവത്ക്കരണം ആവശ്യമാണെന്നും നവീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍ പോലീസ് ജീവനക്കാര്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സഹായിക്കട്ടെയെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച തുറമുഖം മ്യൂസിയം, പുരാവസ്തു , പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

കാസര്‍കോട് പോലീസിൻ്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രശ്നങ്ങളേതുമില്ലാതെ മുന്നോട്ട് പോകുന്ന ടീമിനെ പ്രശംസിക്കുന്നുവെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, ഡി.വൈ.എസ്.പി സി ബ്രാഞ്ച് ആന്റ് കണ്‍സ്ട്രക്ഷന്‍ നോഡല്‍ ഓഫീസര്‍ സതീഷ്‌കുമാര്‍ ആലക്കാല്‍, കെ പി ഒ എ ജില്ലാ സെക്രട്ടറി എം.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാപോലീസ് മേധാവി വൈഭവ് സക്സേന സ്വാഗതവും കെ.പി.എ സെക്രട്ടറി എ.പി.സുരേഷ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *