Categories
national news

ചായയില്‍ വിഷം കലര്‍ത്തിയിട്ടില്ലെന്ന് എന്താണ് ഉറപ്പ്; യു.പി പോലീസ് നല്‍കിയ ചായ നിരസിച്ച് അഖിലേഷ് യാദവ്

നിങ്ങള്‍ നല്‍കിയ ചായ ഞാന്‍ കുടിക്കില്ല. ഒന്നുകില്‍ ഞാന്‍ പുറത്തുനിന്നും കൊണ്ടുവരും. അല്ലെങ്കില്‍ സ്വന്തമായി ഉണ്ടാക്കും.

ഉത്തര്‍പ്രദേശ് പോലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ട് എസ്പി നേതാവും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ്. സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ മനീഷ് ജഗന്‍ അഗര്‍വാളിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അഖിലേഷ് യാദവ് ലഖ്നൗവിലെ പോലീസ് ആസ്ഥാനത്തെത്തി. പോലീസുകാര്‍ നല്‍കിയ ചായ കുടിയ്ക്കാന്‍ അഖിലേഷ് വിസമ്മതിച്ചു.

പോലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും അവര്‍ നല്‍കിയ ചായയില്‍ വിഷം കലര്‍ത്തിയിട്ടില്ലെന്ന് എന്താണ് ഉറപ്പെന്നും അഖിലേഷ് വ്യക്തമാക്കി. ‘നിങ്ങള്‍ നല്‍കിയ ചായ ഞാന്‍ കുടിക്കില്ല. ഒന്നുകില്‍ ഞാന്‍ പുറത്തുനിന്നും കൊണ്ടുവരും. അല്ലെങ്കില്‍ സ്വന്തമായി ഉണ്ടാക്കും. നിങ്ങള്‍ നല്‍കുന്ന ചായയില്‍ വിഷം കലര്‍ന്നാല്‍ എന്ത് ചെയ്യും, എനിക്ക് നിങ്ങളെ വിശ്വാസമില്ല’ -അഖിലേഷ് പറഞ്ഞു.

അതേസമയം, മനീഷ് ജഗന്‍ അഗര്‍വാളിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രസാദ് മൗര്യയുടെ നേതൃത്വത്തില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡി.ജി.പി ഹെഡ് ഓഫീസ് ഗേറ്റിന് പുറത്ത് പ്രതിഷേധിച്ചു. ലഖ്നൗവിലെ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ച ശേഷം മനീഷ് അഗര്‍വാളിനെ കാണാന്‍ അഖിലേഷ് യാദവ് ഗോസൈഗഞ്ച് ജില്ലാ ജയിലിലെത്തി. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ട്വിറ്ററില്‍ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനാണ് മനീഷ് ജഗന്‍ അഗര്‍വാളിനെ ലഖ്നൗ പോലീസ് അറസ്റ്റ് ചെയ്തത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *