Categories
news

തനിക്ക് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ സുല്‍ത്താന; വാദം അധാര്‍മ്മികമെന്ന് മീഡിയ വണ്‍

ചര്‍ച്ച നയിച്ച അവതാരകനും, മീഡിയ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ നിഷാദ് റാവുത്തര്‍ ചാനലിന്‍റെ വീശദീകരണ വീഡിയോയില്‍ പറയുന്നത് ഇങ്ങനെ

ലക്ഷദ്വീപില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയിരുന്നു. വിവാദപരാമര്‍ശത്തിലേക്ക് തന്നെ വലിച്ചിഴച്ചത് മീഡിയ വണ്‍ ചാനലായിരുന്നു എന്നാണ് ഐഷ സുല്‍ത്താന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

ലക്ഷദ്വീപില്‍ കൊവിഡ് ബാധിച്ച ആദ്യത്തെയാള്‍ പ്രഫുല്‍ പട്ടേലിനൊപ്പം വന്നയാളാണ്. അതിനേക്കുറിച്ച് വാര്‍ത്തകളുണ്ട്. അത് പറയാനാണ് ശ്രമിച്ചത്. സംവാദത്തിനിടെ അത് വിശദീകരിക്കാന്‍ ചാനല്‍ എനിക്ക് സമയം തന്നില്ലെന്നും ബയോളജിക്കലായാണ് ആ പരാമര്‍ശം നടത്തിയതെന്നും ഐഷ സുല്‍ത്താ ആരോപിക്കുന്നു.

ഐഷ സുല്‍ത്താന പറയുന്നതല്ല വസ്തുതയെന്നും മൂന്നോ നാലോ തവണ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ വ്യക്തതയും വിശദീകരണവും നല്‍കാന്‍ അവര്‍ക്ക് അവസരം നല്‍കിയിരുന്നുവെന്നും മീഡിയ വണ്‍ വിശദീകരണം.

ചര്‍ച്ച നയിച്ച അവതാരകനും, മീഡിയ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ നിഷാദ് റാവുത്തര്‍ ചാനലിന്‍റെ വീശദീകരണ വീഡിയോയില്‍ പറയുന്നത് ഇങ്ങനെ ”മൂന്നോ നാലോ തവണ അക്കാര്യത്തില്‍ വ്യക്തതയും വിശദീകരണവും നല്‍കാന്‍ ഞാന്‍ അവര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. അതായിരുന്നു എനിക്ക് അക്കാര്യത്തില്‍ എനിക്ക് പരമാവധി ചെയ്യാനുണ്ടായിരുന്നത്.

പരാമര്‍ശത്തിലെ ഗൗരവസ്വഭാവം ചൂണ്ടിക്കാട്ടിയിട്ടും സഹപാനലിസ്റ്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഐഷയോട് ഇതിന്‍റെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രമായിരിക്കും എന്ന് പറഞ്ഞാണ് ഞാന്‍ ചര്‍ച്ച അവസാനിപ്പിച്ചത്.”

മീഡിയവണ്‍ ചാനലിന്‍റെ വിശദീകരണം ഇങ്ങിനെ:

ലക്ഷദ്വീപ് സമരവും അതിന്റെ ഭാഗമായി ചലചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താന നടത്തിയ പരാമര്‍ശവും അവര്‍ക്കെതിരായ രാജ്യദ്രോഹകേസും മീഡിയവണിനെതിരെ വലിയ കുപ്രചരണത്തിന് ആയുധമാക്കുന്നുണ്ട്. വിവാദ പരാമര്‍ശത്തിലേക്ക് അവരെ വലിച്ചിട്ടത് മീഡിയവണാണെന്നും പിന്നീട് വിശദീകരണത്തിന് അവസരം നല്‍കിയില്ലെന്നും മറ്റുമൊക്കെയാണ് ഐഷ തന്നെ പലയിടങ്ങളില്‍ പ്രതികരിച്ച് കണ്ടത്. അതിലെ വസ്തുത ഇതാണ്.

ജൂണ്‍ ഏഴിന് വൈകിട്ട് ഏഴിന് മീഡിയവണിലെ ചര്‍ച്ചാപരിപാടിയില്‍ അതിഥിയായെത്തിയ ഐഷ സുല്‍ത്താന ദ്വീപില്‍ കേന്ദ്രം നടത്തുന്ന ഇടപെടലുകളെ വിമര്‍ശിക്കവെ, സര്‍ക്കാര്‍ ദ്വീപില്‍ ബയോവെപ്പണ്‍ അഥവാ ജൈവായുധം പ്രയോഗിച്ചിരിക്കുകയാണെന്ന് കടത്തിപ്പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി പ്രതിനിധി ആ പരാമര്‍ശത്തില്‍ പ്രശ്‌നമുന്നയിച്ചതോടെ, താങ്കള്‍ നടത്തിയത് ഗൗരവ സ്വഭാവമുള്ള പരാമര്‍ശമാണെന്നും എന്തടിസ്ഥാനത്തിലാണ് അങ്ങനെ ആരോപിച്ചതെന്നും അവതാരകനായ ഞാന്‍ അവരോട് ചോദിച്ചു. മൂന്നോ നാലോ തവണ അക്കാര്യത്തില്‍ വ്യക്തതയും വിശദീകരണവും നല്‍കാന്‍ ഞാന്‍ അവര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. അതായിരുന്നു എനിക്ക് അക്കാര്യത്തില്‍ എനിക്ക് പരമാവധി ചെയ്യാനുണ്ടായിരുന്നത്.

അതിലെ ഗൗരവസ്വഭാവം ചൂണ്ടിക്കാട്ടിയിട്ടും സഹപാനലിസ്റ്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഐഷയോട് ഇതിന്‍റെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രമായിരിക്കും എന്ന് പറഞ്ഞാണ് ഞാന്‍ ചര്‍ച്ച അവസാനിപ്പിച്ചത്.

ഐഷയുടെ പരാമര്‍ശം പുറത്ത് വിവാദവും ചര്‍ച്ചയുമായി മാറിയതോടെ തന്‍റെ ഭാഗം വിശദീകരിക്കാന്‍ അവസരം തേടി അവര്‍ മീഡിയവണിനെ സമീപിച്ചു. അവരുടെ വിശദീകരണ വീഡിയോയും കേസിനോട് പ്രതികരിച്ചുകൊണ്ട് അവര്‍ നടത്തിയ പ്രതികരണങ്ങളുമെല്ലാം ഞങ്ങളുടെ വെബ്‌സൈറ്റിലും ഫേസ്ബുക് പേജിലുമെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ തന്‍റെ ഭാഗം വിശദീകരിക്കാന്‍ മീഡിയവണ്‍ അവസരം തന്നില്ലെന്നാണ് മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ ഐഷ ആരോപിച്ചത്. ഇത് വ്യാജവും അധാര്‍മ്മികവുമായ വാദമാണ്.

വിശദീകരണത്തിന് അവസരം തേടി ഐഷ അവതാരകനായ എന്നെയും ചാനലിലെ മറ്റുള്ളവരെയും ബന്ധപ്പെട്ടുവെങ്കിലും സൗകര്യമില്ല എന്നും മറ്റും പറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ആളുകള്‍ പ്രചരിപ്പിക്കുന്നത്. അവര്‍ക്ക് അവസരം നിഷേധിക്കണമെന്ന് തീരുമാനിച്ചുവെങ്കില്‍ പിന്നെ അവരുടെ വിശദീകരണ വീഡിയോ ഞങ്ങളെന്തിന് പ്രസിദ്ധീകരിക്കണം. അവര്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ ഗൂഢാലോചന നടത്തിയതടക്കം പ്രധാന്യത്തോടെ സംപ്രേഷണം ചെയ്ത സ്ഥാപനമാണ് മീഡിയവണ്‍.

കരിനിയമങ്ങളുപയോഗിച്ച് നിരപരാധികളെ വേട്ടയാടുന്ന പ്രവണതകളെ എന്നും എതിര്‍ത്തുപോരുകയും അതിന്‍റെ വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്ന മാധ്യമമാണ് മീഡിയവണ്‍ എന്നിരിക്കെ ഈ വിഷയത്തില്‍ മീഡിയവണിനെതിരെ നടക്കുന്ന കുപ്രചാരണങ്ങളെ പ്രേക്ഷകര്‍ തള്ളിക്കളയുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *