Categories
Kerala news

എ.ഐ ക്യാമറ 20 മുതൽ പിഴ ഈടാക്കും; ടൂ വീലറിലെ മൂന്നാമൻ 12 വയസിൽ താഴെയാണെങ്കിൽ ഇളവ്, പിഴ ഒഴിവാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു

ഉടമകൾ ക്യാമറയുണ്ടെന്ന ബോധ്യത്തിൽ നിയമം പാലിച്ചു തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ എ.ഐ ക്യാമറ പദ്ധതി അനുസരിച്ച് റോഡിലെ ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുന്നത് മെയ് 20 മുതൽ ആയിരിക്കും. ഈ മാസം 20 മുതൽ പിഴ ഈടാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൽ മാറ്റമില്ലെന്നാണ് റിപ്പോർട്ടുകൾ. ബോധവൽക്കരണത്തിന്‍റെ ഭാഗമായി മെയ് 19 വരെ പിഴ ഈടാക്കില്ല.

അതേസമയം ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസിൽ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കിൽ‌ പിഴ ഒഴിവാക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മന്ത്രി ആൻ്റെണി രാജുവിൻ്റെ സാന്നിധ്യത്തിൽ മെയ് 10ന് ഉന്നതതലയോഗം ചേരും. പിഴയിൽ നിന്നു കുട്ടികളെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനും ആലോചിച്ചിരുന്നു.

ഏപ്രിൽ 20നാണ് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനുള്ള എ.ഐ ക്യാമറ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി 726 ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചത്.

തുടക്കത്തിൽ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമലംഘനങ്ങൾ ക്യാമറകൾ കണ്ടെത്തി സെർവറിൽ എത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് പകുതിയോളമായി കുറഞ്ഞിട്ടുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നു.

വെള്ളിയാഴ്‌ച 2.65 ലക്ഷം നിയമലംഘനങ്ങളാണ് 726 ക്യാമറകളിലൂടെ കണ്ടെത്തിയത്. വാഹന ഉടമകൾ ക്യാമറയുണ്ടെന്ന ബോധ്യത്തിൽ നിയമം പാലിച്ചു തുടങ്ങിയെന്നാണ് മോട്ടർ വാഹനവകുപ്പിൻ്റെ വിലയിരുത്തൽ.

0Shares

Leave a Reply

Your email address will not be published. Required fields are marked *