Categories
Kerala news

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കൃഷിമന്ത്രിയുടെ വിദേശയാത്ര സി.പി.ഐയെ അറിയിക്കാതെ; പി. പ്രസാദിൻ്റെ ഇസ്രയേൽ യാത്ര റദ്ദാക്കി മുഖ്യമന്ത്രി

യാത്രാസംഘത്തിലേക്ക് കൃഷിവകുപ്പിലെ മൂന്ന് അഡീഷനൽ ഡയറക്ടർമാരുടെ പേര് ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി ഫയൽ അയച്ചിരുന്നു.

സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദിൻ്റെ വിദേശ യാത്ര റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.ഐ നേതൃത്വത്തെ അറിയിക്കാതെയാണ് മന്ത്രിയുടെ വിദേശയാത്ര നിശ്ചയിച്ചത്. പാർട്ടി നേതൃത്വത്തെ ഇക്കാര്യം മന്ത്രി അറിയിച്ചില്ലെന്ന കാര്യവും പാർട്ടി ഇസ്രയേൽ യാത്രയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നും സി.പി.ഐ നേതാക്കൾ അറിയിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻ യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

ഇസ്രയേലിലെ കാർഷികമേഖലയെപ്പറ്റി പഠിക്കുന്നതിനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യാത്ര നിശ്ചയിച്ചത്. കർഷകരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും കൂട്ടിയുള്ള യാത്ര ആധുനികവും ചെലവു കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനായിരുന്നു. ഫെബ്രുവരി 12 മുതൽ 19 വരെയാണ് യാത്ര തീരുമാനിച്ചിരുന്നത്. എന്നാൽ ഉത്തരവിറങ്ങുന്നതിന് മുൻപ് പാർട്ടിയെ അറിയിക്കാതിരുന്നത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളുടെ എതിർപ്പിന് കാരണമായി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വിദേശയാത്ര നിശ്ചയിച്ചത് ഒരു തലത്തിലുമുള്ള കൂടിയാലോചനയില്ലാതെയാണെന്നാണ് പാർട്ടിയുടെ ആക്ഷേപം. രാഷ്ട്രീയ സാഹചര്യം പോലും മനസിലാക്കാതെ യാത്രയ്ക്ക് ഒരുങ്ങിയത് ശരിയായില്ലെന്നും നേതൃത്വം ആരോപിക്കുന്നു.

യാത്രാസംഘത്തിലേക്ക് കൃഷിവകുപ്പിലെ മൂന്ന് അഡീഷനൽ ഡയറക്ടർമാരുടെ പേര് ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി ഫയൽ അയച്ചിരുന്നു. പാർട്ടി അനുഭാവമുള്ള‍വരെ മാത്രമാണു മന്ത്രിക്കൊപ്പം കൂട്ടുന്നതെന്നും ആരോപണം ഉയർന്നു. ഫയൽ പരിശോധിച്ചശേഷമാണ് യാത്ര മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ച‍തെന്നാണു സൂചന.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest