Categories
health local news

കാസർകോട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപനി; കാട്ടു കുക്കെയുടെ 10 കിലോമീറ്റർ പരിധിയിൽപന്നിമാംസത്തിന് മൂന്നു മാസത്തേക്ക് നിരോധനം

രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ മറവ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ അഗ്‌നിരക്ഷാ വകുപ്പ് പ്രദേശം അണുവിമുക്തമാക്കും.

കാസർകോട്: മഞ്ചേശ്വരം താലൂക്കിലെ എണ്‍മകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍(പന്നി പനി) രോഗം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കാട്ടുകുക്കെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിന് അടിയന്തിര പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ. ഡി. എം എ.കെ.രമേന്ദ്രന്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കാട്ടുകുക്കെയിലെ രോഗ പ്രഭവ കേന്ദ്രത്തിൻ്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നി കശാപ്പ് ഇറച്ചിവില്‍പ്പന മൂന്നു മാസത്തേക്ക് നിരോധിച്ചു. ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ച ഫാമിൻ്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പന്നികളെ കള്‍ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് ജില്ലാ മൃഗസംരക്ഷണ ഓഫീസ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കും. പൊലീസ്, റവന്യു തദ്ദേശ സ്വയംഭരണം, മോട്ടോര്‍ വാഹന വകുപ്പ് ഫയര്‍ ആന്റ് റസ്‌ക്യൂ, റവന്യു തുടങ്ങിയ വകുപ്പുകള്‍ ആവശ്യമായ പിന്തുണ നല്‍കും. കാസര്‍കോട് ആര്‍.ഡി.ഒ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

രോഗപ്രഭവ കേന്ദ്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കോ, ഇവിടെ നിന്നും പുറത്തേക്കോ പന്നികള്‍, പന്നി മാംസം, പന്നി മാംസ ഉല്‍പ്പനങ്ങള്‍, പന്നികളുടെ കാഷ്ടം എന്നിവ കൊണ്ടു പോകുന്നില്ലെന്ന് വാഹന പരിശോധനയിലൂടെ പോലീസും ചെക്‌പോസ്റ്റ് കടന്നു വരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പും ഉറപ്പു വരുത്തും.

രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ മറവ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ അഗ്‌നിരക്ഷാ വകുപ്പ് പ്രദേശം അണുവിമുക്തമാക്കും. രോഗപ്രതിരോധത്തിനായി എത്തുന്ന റാപിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്ക് താമസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എണ്‍മകജെ ഗ്രാമ പഞ്ചായത്ത് ഉറപ്പു വരുത്തും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest