Categories
health local news

കാസര്‍കോട് വികസന പാക്കേജ്: ആരോഗ്യ സ്ഥാപനങ്ങളുടെ പുതിയ കെട്ടിടങ്ങള്‍ക്ക് ഭരണാനുമതി; നാല് ആരോഗ്യസ്ഥാപനങ്ങള്‍ കൂടി ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു

ആനന്ദാശ്രമം പി.എച്ച്‌.സിയുടെ പുതിയ കെട്ടിടത്തില്‍ ഫിസിയോതെറാപ്പി, പബ്ലിക് ഹെല്‍ത്ത്, നഴ്‌സിംഗ്, ഓഫീസ് മുറി, ശുചിമുറി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട്: ആരോഗ്യകേന്ദ്രങ്ങളുടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് ഭരണാനുമതിയായി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി വാണിനഗര്‍ പി.എച്ച്‌.സി, ആരിക്കാടി പി.എച്ച്‌.സി, ആനന്ദാശ്രമം എഫ്എച്ച്‌.സി, വലിയപറമ്പ എഫ്എച്ച്‌.സി എന്നീ ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

എന്‍മകജെ പഞ്ചായത്തിലെ വാണിനഗര്‍ പി.എച്ച്‌.സിക്ക് 75 ലക്ഷം രൂപയും കുമ്പള പഞ്ചായത്തിലെ ആരിക്കാടി പി.എച്ച്‌.സിക്ക് 95 ലക്ഷം രൂപയും അജാനൂര്‍ പഞ്ചായത്തിലെ ആനന്ദാശ്രമം എഫ്എച്ച്‌.സിക്ക് 60 ലക്ഷം രൂപയും വലിയപറമ്പ എഫ്എച്ചസിക്ക് 1.20 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.

ഇവിടങ്ങളില്‍ നിലവിലുള്ള കെട്ടിടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പുതിയ കെട്ടിടങ്ങള്‍ വേണമെന്നത് പൊതുജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.


ആരിക്കാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഇരുനില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഒന്നാം നിലയില്‍ മൂന്ന് ഒപി മുറികള്‍, ലാബ്, ഫാര്‍മസി, സ്റ്റോര്‍ റൂം, ഫീഡിംഗ് റൂം, ശുചിമുറികള്‍ എന്നിവയും രണ്ടാം നിലയില്‍ നഴ്‌സിംഗ്, പാലിയേറ്റീവ്, ഒബ്‌സര്‍വേഷന്‍ മുറികളുമാണ് ഒരുക്കുക.

ആനന്ദാശ്രമം പി.എച്ച്‌.സിയുടെ പുതിയ കെട്ടിടത്തില്‍ ഫിസിയോതെറാപ്പി, പബ്ലിക് ഹെല്‍ത്ത്, നഴ്‌സിംഗ്, ഓഫീസ് മുറി, ശുചിമുറി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാണിനഗര്‍ പി.എച്ച്‌.സി കെട്ടിടത്തില്‍ രണ്ട് ഒപി മുറികള്‍, നഴ്‌സിംഗ് സ്റ്റേഷന്‍, ഇഞ്ചക്ഷന്‍ റൂം, സര്‍വ്വര്‍ റൂം, ശുചിമുറി എന്നിവയും വലിയ പറമ്പ എഫ്എച്ച്‌സിക്കായുള്ള പുതിയ കെട്ടിടത്തില്‍ രണ്ട് സ്റ്റാഫ് റൂം, സ്റ്റോര്‍ റൂം, ലാബ്, വെയ്റ്റിംഗ് ഏരിയ, റാംപ്, എന്‍ട്രി ഗേറ്റ് എന്നിവയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രവൃത്തികള്‍ ഉടന്‍ ടെണ്ടര്‍ ചെയ്ത് ആരംഭിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ. പി രാജ്‌മോഹന്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *