Categories
channelrb special Kerala local news

മാവിനക്കട്ടയിൽ അപകടം പതിവാകുന്നു; നടപടി ആവശ്യപ്പെട്ട് നാട്ടുകാർ; പ്രതിഷേധം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

ബദിയടുക്ക (കാസർകോട്): കുമ്പള- മുള്ളേരിയ സംസ്ഥാന പാതയിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഇതിനായി മാവിനക്കട്ടയിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. റോഡ് നവീകരിച്ചതോടെ മാവിനകട്ടയിൽ വാഹനാപകടം പതിവാകുന്ന സാഹചര്യത്തിലാണ് നാട്ടുകാർ രംഗത്ത് വന്നത്. അടുത്തിടെ നടന്ന അപകടങ്ങളിൽ രണ്ടുപേരാണ് മരണപ്പെട്ടത്. ചിലർ പരിക്കേറ്റ് ചികിത്സയിലാണ്. കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നാട്ടുകാരനായ ശമ്മാസ് എന്ന യുവാവ് മരണപെട്ടു. ദിവസങ്ങൾക്കകം മറ്റൊരു അപകടത്തിൽ ഉപ്പളയിലെ മുബഷിർ എന്ന യുവാവ് മരണപ്പെട്ടു. ബസും കാറും കൂട്ടിയിടിച്ചാണ് മുബഷിർ മരണപ്പെട്ടത്. ഈ അപകടങ്ങൾക്ക് മുമ്പും അതിന് ശേഷവും ഒട്ടനേകം ചെറിയ അപകടങ്ങൾ ഈ പ്രദേശത്ത് നടന്നു. നിലവിൽ നാട്ടുകാർ തന്നെ ഭയത്തിലാണ് കഴിയുന്നത്. കാൽനടയാത്രക്കാർക്കും സ്കൂൾ, മദ്രസയിലേക്ക് പോകുന്ന കുട്ടികൾക്കും ഭയം വിട്ടുമാറുന്നില്ല. ഏത് സമയവും അപകടം പതിഞ്ഞിരിക്കുന്ന ഇടമായി മാവിനക്കട്ടയും സമീപ പ്രദേശവും മാറിയിട്ടുണ്ട്.

കുമ്പള- മുള്ളേരിയ സംസ്ഥാന പാതയിൽ ഇരുവശങ്ങളിലും ആവശ്യത്തിന് സ്ഥമുണ്ടായിട്ടും വളവും തിരിവും ഒഴിവാക്കാതെ അതേപടി കെ.എസ്.ടി.പി റോഡ് നവീകരിച്ചതാണ് പ്രധാന പ്രശ്നം. സാങ്കേതികമായി മലയോര ഹൈവേ എന്നതിനാൽ വളവ് നികത്താൻ സാധിക്കില്ല എന്ന വിചിത്രവാദമാണ് ഉദ്യോഗസ്ഥർ അന്ന് പറഞ്ഞത്. റോഡ് നവീകരണ ഘട്ടത്തിൽ തന്നെ ആവശ്യത്തിന് സുരക്ഷാ സംവിധാനം ഒരുക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഡ്രെയിനേജ് നിർമ്മിക്കുകയോ മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് തടയുകയോ ചെയ്തിട്ടില്ല. ഈ പ്രദേശത്ത് റോഡിനോട് ചേർന്ന അനുബന്ധ പ്രവർത്തികളൊന്നും പൂർത്തീകരിച്ചിട്ടില്ല. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് റോഡ് പണി നടത്തിയിട്ടുള്ളത്.

മദ്രസ്സയിൽ പഠിക്കുന്ന നൂറിലധികം വിദ്യാർത്ഥിതികൾക്ക് റോഡ് മുറിച്ച് കടക്കാൻ യാതൊരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. നടപ്പാത നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. കുതിച്ചു വരുന്ന വാഹനങ്ങൾക്ക് അപകട മേഖലയാണെന്ന ബോർഡും സ്ഥാപിച്ചിട്ടില്ല. മെയിൻ റോഡിലേക്ക് പ്രവേശിക്കുന്ന പോക്കറ്റ് റോഡുകൾക്കും അപകടം ഒഴിവാക്കാൻ സംവിധാനങ്ങളില്ല. റോഡ് പണി പൂർത്തിയാകുമ്പോൾ എല്ലാം പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന ഉദ്യോഗസ്ഥരുടെ വാക്കും പാഴ് വാക്കായി. ഇതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. മാവിനക്കട്ടയിലെ പ്രശ്നങ്ങൾ മനസ്സിലാക്കി അടിയന്തിര ഇടപെടൽ നടത്തിയില്ലങ്കിൽ വലിയ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പി.ഡി.എ റഹ്മാൻ ചെയർമാനായും ടി.കെ ഫസൽ മൊയ്തീൻ കൺവീനറായും 101 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest