Categories
Gulf news

സൗദിയ ജീവനക്കാരനെ കാറിനകത്തിട്ട് കത്തിച്ച പ്രതിക്ക് വധശിക്ഷ നടപ്പാക്കി; പെട്രോളൊഴിച്ച്‌ കത്തിച്ചപ്പോൾ നാല് കാറുകളും കത്തി നശിച്ചിരുന്നു

ഘാതകന് മാപ്പ് കൊടുക്കില്ലെന്നും പരമാവധി ശിക്ഷ ലഭിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു

ജിദ്ദ: സുഹൃത്തിനെ കാറിനകത്തിട്ട് പെട്രോളൊഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയ എയര്‍ലൈൻസില്‍ ജീവനക്കാരനായിരുന്ന ബന്ദര്‍ ബിൻ ത്വാഹ അല്‍ ഖര്‍ഹാദിയുടെ ദാരുണമായ കൊലപാതകത്തില്‍ ബറകത്ത് ബിൻ ജിബ്രീല്‍ അല്‍കനാനിക്കാണ് സുപ്രീംകോടതി ശിക്ഷ നടപ്പാക്കിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10നാണ് 40 കാരനും രണ്ടു കുട്ടികളുടെ പിതാവുമായ ബന്ദര്‍ ബിൻ താഹ അല്‍ ഖര്‍ഹാദി അതിക്രൂരമായി കൊല്ലപ്പെടുന്നത്. ബന്ദര്‍ അല്‍ഖര്‍ഹാദിയെ കാറിനകത്തിട്ട് ജീവനോടെ പെട്രോളൊഴിച്ച്‌ കത്തിക്കുന്നതിനിടെ നാലു കാറുകളും കത്തി നശിച്ചിരുന്നു.

മയക്കുമരുന്ന് കൈവശം വെച്ച പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിരുന്നു. എന്ത് തെറ്റ് ചെയ്‌തതിൻ്റെ പേരിലാണ് തന്നെ കൊലപ്പെടുത്തുന്നതെന്ന് മരണപ്പെടുന്നതിന് തൊട്ടു മുമ്പ് ബന്ദര്‍ അല്‍ ഖര്‍ഹദി പ്രതിയോട് ആരായുന്നതിൻ്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

20 വര്‍ഷമായി സൗദിയ എയര്‍ലൈൻസില്‍ കാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്ന ബന്ദര്‍ ബിൻ താഹ അല്‍ ഖര്‍ഹാദിയെ സുഹൃത്ത് ബറകത്ത് ബിൻ ജിബ്രീല്‍ തന്ത്രപൂര്‍വം വിളിച്ചുവരുത്തിയ ശേഷം കാറിനകത്തിട്ട് പൂട്ടി. ശേഷം പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടുകയും ചെയ്‌തു.

മകൻ്റെ ഘാതകന് മാപ്പ് കൊടുക്കില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും പിതാവ് ത്വാഹ അല്‍ ഖര്‍ഹാദി അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നു. മകൻ്റെ കൊലയാളിക്ക് കോടതി വിധിച്ച വധശിക്ഷ നടപ്പിലാക്കിയതില്‍ ത്വാഹ സന്തോഷവും സംതൃപ്‌തിയും പ്രകടിപ്പിച്ചതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *