Categories
business education news

പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ആധാറോ പാന്‍ നമ്പറോ നിര്‍ബന്ധം; ഇന്നുമുതല്‍ നിര്‍ണായക മാറ്റങ്ങള്‍ ഇങ്ങനെ

ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ കുറഞ്ഞത് ഏഴ് ദിവസം മുമ്പെങ്കിലും പാന്‍ കാര്‍ഡിന് അപേക്ഷിക്കണം

പണം പിന്‍വലിക്കല്‍, നിക്ഷേപം എന്നിവ സംബന്ധിച്ച്‌ രാജ്യത്ത് ഇന്ന് മുതല്‍ (മെയ് 26, 2022) നിര്‍ണായക മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. സഹകരണ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഒരു സാമ്പത്തിക വര്‍ഷം 20 ലക്ഷം രൂപയിലധികം പിന്‍വലിക്കുന്നതിന് ഇനിമുതല്‍ പൗരന്‍മാര്‍ അവരുടെ പാന്‍ നമ്പറോ ആധാര്‍ നമ്പറോ നല്‍കേണ്ടി വരും. അക്കൗണ്ട് തുറക്കുന്ന സമയത്തും ഈ നിയമങ്ങള്‍ ബാധകമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ പാന്‍ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയിട്ടുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പാക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. പാന്‍ നമ്പറോ ആധാര്‍ നമ്പറോ ആദായനികുതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലിനോ അല്ലെങ്കില്‍ അദ്ദേഹം അധികാരപ്പെടുത്തിയ വ്യക്തിക്കോ സമര്‍പ്പിക്കണം എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കുമ്പോള്‍ മാത്രമേ പാന്‍ നമ്പര്‍ ആവശ്യമായിരുന്നുള്ളൂ. റൂള്‍ 114 ബി പ്രകാരം പണം നിക്ഷേപിക്കുന്നതിനോ പിന്‍വലിക്കുന്നതിനോ വാര്‍ഷിക പരിധി ഉണ്ടായിരുന്നില്ല.

ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഇടപാട് നടത്താന്‍ ഉദ്ദേശിക്കുന്നതിന് കുറഞ്ഞത് ഏഴ് ദിവസം മുമ്പെങ്കിലും പാന്‍ കാര്‍ഡിന് അപേക്ഷിക്കണം എന്ന് ടാക്സ് ബഡി.കോം (Taxbuddy.com) സ്ഥാപകന്‍ സുജിത് ബംഗാര്‍ പറഞ്ഞു. സാമ്പത്തിക തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ വലിയ പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ആദായനികുതി വകുപ്പിന് കഴിയുമെന്നും സാമ്പത്തിക വിദ​ഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പാന്‍ കാര്‍ഡ് ഇല്ലാത്തവരുടെയും പാന്‍ നമ്പറും ആധാറും ബന്ധിപ്പിച്ചിട്ടില്ലാത്തവരുടെയും വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ പുതിയ നിയമം ബാങ്കുകളെ സഹായിക്കും. പാന്‍ കാര്‍ഡ് ഇല്ലെന്ന് പറഞ്ഞ് ഉയര്‍ന്ന നിക്ഷേപങ്ങളും പിന്‍വലിക്കലുകളും നടത്തുമ്പോള്‍ ഉണ്ടാകുന്ന തട്ടിപ്പുകള്‍ പരിഹരിക്കാനും സാധിക്കുമെന്ന് നീരജ് ഭഗത് ആന്‍ഡ് കമ്പനി എം.ഡി സി.എ രുചിക ഭഗത് പറഞ്ഞു.

ചിലര്‍ക്ക് ഒന്നിലധികം പാന്‍ നമ്പറുകള്‍ ഉണ്ടെന്നും ഒന്നിലധികം പേര്‍ക്ക് ഒരേ പാന്‍ നമ്പര്‍ അനുവദിച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പിൻ്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പാന്‍ സര്‍വീസ് സെൻ്റെറുകളില്‍ നിന്നും ലഭിക്കുന്ന ഫോം ഫില്ല് ചെയ്ത് ഇവ തമ്മില്‍ ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്‌.എം.എസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് മുഖാന്തിരവും പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest