Categories
local news

ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ല; തന്‍റെ പുത്തൻ സൈക്കിൾ വിൽക്കാനൊരുങ്ങി ഒരു വിദ്യാർത്ഥി

പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വീട്ടിലുള്ള ടെലിവിഷനിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾ കേട്ടു പഠിച്ചു പത്താംതരം പരീക്ഷകൾ എഴുതി.

കുറ്റിക്കോൽ / കാസർകോട്: സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാതെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി പ്ലസ് വൺ പഠനത്തിന് വഴിയില്ലാതെ ആശങ്കയിൽ. ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വാങ്ങിക്കാൻ തന്‍റെ പുത്തൻ സൈക്കിൾ വിൽക്കാനൊരുങ്ങി കണ്ണൻ എന്ന അമൽവിജയ് (16) ആളെ തേടുകയാണിപ്പോൾ.

അമലിന്‍റെ അച്ഛനും അമ്മയ്ക്കും നല്ല ഫോണില്ല. പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വീട്ടിലുള്ള ടെലിവിഷനിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾ കേട്ടു പഠിച്ചു പത്താംതരം പരീക്ഷകൾ എഴുതി. ഏറെ പരിമിതികളിലും ഈ കൊവിഡ് കാലത്തെ തുടർവിദ്യാഭ്യാസത്തിന് തയ്യാറെടുക്കുകയാണ് ഈ വിദ്യാർത്ഥി.

കുറ്റിക്കോൽ ഭാസ്കര ഭവനിൽ വിജയൻ- പുഷ്‌പലത ദമ്പതികളുടെ മകനാണ് അമൽവിജയ്. ട്യൂഷൻ ക്ലാസിന് പോകാനാണ് സൈക്കിൾ വാങ്ങിയത്. എന്നാൽ പ്ലസ് വൺ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ലാതെ എങ്ങനെ പഠിക്കുമെന്നതിനാലാണ് സൈക്കിൾ വിൽക്കാൻ ആവശ്യക്കാരെ തേടുന്നത്. കുറ്റിക്കോൽ ഗവ.ഹൈസ്കൂളിൽ അധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ ട്യൂഷൻ അധ്യാപകന്‍റെ ഫോൺ ഉയോഗിച്ചാണ് പത്തിന്‍റെ കടമ്പ കടക്കുന്നത്.

തുടർ വിദ്യഭ്യാസത്തിന് ഇവിടെ സൗകര്യമില്ലാത്തതിനാൽ മൂന്ന് കിലോമീറ്ററോളം അകലെയുള്ള ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പോകേണ്ടതുണ്ട്. ഇരുപത് കിലോമീറ്റർ പരിധിയിൽ നാല് ഗർ.ഹയർ സെക്കണ്ടറി സ്കൂളുകൾ ഉണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് ബസ് സംവിധാനം ഇല്ല. അതുകൊണ്ട് തന്നെ സൈക്കിൾ ആവശ്യമായി വരുമെന്നാണ് അമലിന്‍റെ സഹോദരൻ മുന്നാട് പീപ്പിൾസ് കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥിയായ അഖിൽ വിജയ് പറയുന്നത്.

ഗ്രാമങ്ങളിൽ നിരവധി വിദ്യാർത്ഥികളാണ് അമലിനെ പോലെ തുടർപഠനകാലം ആശങ്കകളോടെ നോക്കിക്കാണുന്നത്. സഹായഹസ്തവുമായി ആരെങ്കിലും വരാതിരിക്കില്ലെന്നാണ് ഇതുപോലുള്ള സ്കൂൾ വിദ്യാർത്ഥികളുടെ പ്രതീക്ഷകൾ.

0Shares

Leave a Reply

Your email address will not be published. Required fields are marked *