Categories
Kerala news

‘എസ്.എന്‍.ഡി.പിയില്‍ ഒരുവിഭാഗം ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിച്ചു; ക്രൈസ്തവരും ഒപ്പം ചേര്‍ന്നു, ജനവികാരം മനസിൽ ആക്കുന്നതില്‍ വീഴ്‌ച പറ്റി’: എം.വി ഗോവിന്ദന്‍

വലതുപക്ഷ പ്രചാരണ ശക്തികളെയാണ് ഇത്തരം മാധ്യമ പ്രവര്‍ത്തനം സഹായിക്കുന്നത്

തിരുവന്തപുരം: കേരളത്തിലെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വേണ്ടത്ര സാധിച്ചില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ അങ്ങനെയുണ്ടായില്ല. തെരഞ്ഞെടുപ്പ് പരാജയം സമഗ്രമായി യോഗം വിലയിരുത്തിയെന്നും ആവശ്യമായ തിരുത്തലുകള്‍ നടത്തി പാര്‍ട്ടി മുന്നോട്ടു പോകുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്ല പരാജയമാണ് എല്‍.ഡി.എഫിന് ഉണ്ടായത്. യു.ഡി.എഫിന് 18 സീറ്റ് നേടാനായി. ഒരുസീറ്റ് ബി.ജെ.പി നേടിയത് മറ്റൊരു അപകടകരമായ കാര്യമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. 2019ലേതുപോലെ ഒരു സീറ്റാണ് എല്‍.ഡി.എഫിന് കിട്ടിയത്. ദേശീയ രാഷ്ട്രീയ സാഹചര്യവും ഇടുതുമുന്നണിയുടെ പരാജയത്തിന് കാരണമായി

ദേശീയ തലത്തില്‍ ഒരുസര്‍ക്കാര്‍ രൂപികരിക്കാന്‍ സി.പി.എമ്മിനെക്കാള്‍ കൂടുതല്‍ സാധ്യത കോണ്‍ഗ്രസിനാണെന്ന തോന്നല്‍ മതനിരപേക്ഷ ഉള്ളടക്കമുള്ള ആളുകളില്‍ ഉണ്ടായി. ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ വോട്ടുകളെല്ലാം യു.ഡി.എഫിന് ലഭിച്ചു. ഒരു മുന്നണി പോലെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. താത്കാലികജയം അവര്‍ക്കുണ്ടായെങ്കിലും അത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ഇതിനെ തുറന്ന് എതിര്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ മതനിരപേക്ഷ ശക്തികള്‍ക്ക് കഴിയണമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

വ്യത്യസ്ത ജാതി വിഭാഗങ്ങള്‍, വ്യത്യസ്ത സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇവയെല്ലാം വിഭജിതമായ രീതിയില്‍ വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെടുന്ന നിലയിലേക്ക് എത്തിയതായും ഇത്തരം ജാതിസംഘടനകളെ ആര്‍.എസ്.എസ് ഉപയോഗിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിൻ്റെ ദര്‍ശനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് എസ്എന്‍ഡിപി, എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസിൻ്റെ രൂപീകരണത്തോടെ ബി.ജെ.പി ആസൂത്രിതമായി പ്ലാന്‍ ചെയ്‌ത അജണ്ട നടപ്പാക്കുകയാണ്. അതില്‍ ഒരുവിഭാഗം ബി.ജെ.പിക്ക് വേണ്ടി സജീവമായി ഇടപെട്ടിട്ടുണ്ട്. എസ്എന്‍ഡിപിയുടെ നേതൃത്വം അക്കാര്യം വിമര്‍ശനപരമായി ചര്‍ച്ച ചെയ്യണം.

ക്രൈസ്തവ ജനവിഭാഗം എല്ലാകാലത്തും വര്‍ഗീയതക്കെതിരെ നിലകൊണ്ട വിഭാഗമാണ്. ഒരു ചെറിയ വിഭാഗം ഞങ്ങളോടൊപ്പവും വലിയ വിഭാഗം കോണ്‍ഗ്രിനൊപ്പവുമാണ്.എന്നാല്‍ അതില്‍ ഒരുവിഭാഗം ഇത്തവണ ബി.ജെ.പിക്ക് അനുകൂലമായി. ചില ബിഷപ്പുമാര്‍ തന്നെ അവരുടെ പരിപാടിയില്‍ പങ്കെടുത്തു. തൃശൂരില്‍ കോണ്‍ഗ്രസിൻ്റെ വോട്ടില്‍ ചോര്‍ന്നു പോയതില്‍ വലിയ വിഭാഗം ഇവരുടെതാണ്.

രാജ്യസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പടെ വെള്ളാപ്പള്ളിയുടെ നടേശൻ്റെ ചില പരാമര്‍ശങ്ങള്‍ പരിശോധിച്ചാല്‍ സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെടുന്ന ഒരു മനസ് രൂപപ്പെട്ടുവരുന്നു എന്നതാണ് വ്യക്തമാക്കുന്നത്. ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പ്പെട്ടുവെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. കേന്ദ്ര മന്ത്രിസഭയില്‍ ഒരു മുസ്ലീം പോലും ഇല്ലാത്തത് അവരെ അലട്ടുന്നില്ല.

വെള്ളാപ്പള്ളിയുടെ ഇത്തരം നിലപാട് അവര്‍ തന്നെ ഗൗരവപൂര്‍വം കാണണം. ഇത് കേരളത്തിന് അനുയോജ്യമായതല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങാനും വര്‍ഗീയതയെ പ്രതിരോധിക്കാനും വര്‍ഗസമരങ്ങളെ ശക്തിപ്പെടുത്തും. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ നല്ലതാണ് കോണ്‍ഗ്രസ് എന്ന് കരുതിപ്പോയ ആളുകളെ ഉള്‍പ്പടെ തിരിച്ചു കൊണ്ടുവരാന്‍ നല്ല ജാഗ്രതയായ സഹന പൂര്‍ണമായ പ്രവര്‍ത്തനം പരാജയത്തെ അടിസ്ഥാനപ്പെടുത്തി നടത്താനാവണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കാനാവാതിരുന്നതും വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണവും തോല്‍വിക്ക് കാരണമായി, പിണറായിയുടെ ഇമേജ് തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് യു.ഡി.എഫും മാധ്യമങ്ങളും നടത്തിയത്. അത്തരം പ്രചരണം ഒരുപരിധിവരെ ജനങ്ങളില്‍ സ്വാധിനം ചെലുത്തിയിട്ടുണ്ട്. വലതുപക്ഷ പ്രചാരണ ശക്തികളെയാണ് ഇത്തരം മാധ്യമ പ്രവര്‍ത്തനം സഹായിക്കുന്നത്.

ബി.ജെ.പിയുടെ ജനകീയ വളര്‍ച്ച തടയുന്നതിനുള്ള രാഷ്ട്രീയ സമീപനം സ്വീകരിക്കണം. മതരാഷ്ട്ര വാദത്തിനെതിരായ ശക്തമായ ഇടപെടലും വേണം, സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കി മുന്‍ഗണനാക്രമം നിശ്ചയിച്ച് മുന്നോട്ടു പോകും. പാര്‍ട്ടിക്കേറ്റ തിരിച്ചടി പരിഹരിക്കുന്നതിന് ശക്തമായ നിലപാടുകള്‍ സ്വീകരിക്കും. ബൂത്തുതലം മുതല്‍ അതിനാവശ്യമായ നടപടികള്‍ പ്ലാന്‍ ചെയ്യും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് ഉള്‍പ്പടെയുളളവര്‍ പങ്കെടുക്കുന്ന നാല് മേഖലാ യോഗങ്ങള്‍ നടത്തും. പാര്‍ട്ടിക്കകത്ത് കൃത്യമായ ദിശാബോധം നല്‍കാന്‍ ഇത് സഹായകമാകും.

മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടത്?,എന്നിട്ടല്ലേ 99 സീറ്റ് കിട്ടിയത്. പിണറായിയെ ഒരു പ്രത്യേക രീതിയല്‍ അവതരിപ്പിച്ച് വേറേ ഇമേജ് ഉണ്ടാക്കുകയാണ്. അതിന് സി.പി.എം വഴങ്ങില്ല. പൊലീസിൻ്റെതുള്‍പ്പടെ എല്ലാ കാര്യങ്ങളും തോല്‍വിക്ക് കാരണമായ എല്ലാ കാര്യങ്ങളും പരിശോധിക്കും. ആവശ്യമായ തിരുത്തലുകള്‍ നടത്തും. പാര്‍ട്ടി പ്രവര്‍ത്തകരായാലും നേതാക്കളായാലും തെറ്റായ പ്രവണതയ്ക്ക് കൂട്ടുനില്‍ക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *