Categories
education local news

എ. പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് സഅദിയ്യ ശരീഅത്ത് കോളേജിന്‍റെ പുതിയ പ്രിന്‍സിപ്പാള്‍

പ്രഗത്ഭരായ ശിഷ്യ സമ്പത്തുള്ള അദ്ദേഹം മഹല്ലുകളിലും ഉറൂസ് പരിപാടികളിലും ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന പ്രഭാഷണ വേദികളിലും നിറസാന്നിധ്യമാണ്.

ദേളി/ കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാരെ സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പളായി നിശ്ചയിച്ചു. അന്തരിച്ച ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാരുടെ ഒഴിവിലേക്കാണ് നിയമനം. 25 വര്‍ഷമായി ശരീഅത്ത് കോളേജ് മുദരിസായി സേവനം ചെയ്യുന്ന അദ്ദേഹം സഅദിയ്യ കേന്ദ്ര കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറിയും ആര്‍ട്‌സ് & സയന്‍സ് കോളേജ് ജനറല്‍ സെക്രട്ടറിയും സമസ്ത കാസർകോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്.

1969-ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്നും ഫൈസി ബിരുദം നേടിയ അബ്ദുല്ല മുസ്‌ലിയാര്‍ എരിയാല്‍, ബാവനഗര്‍, പേരാല്‍, തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം, ചേരൂര്‍, ബല്ലാകടപ്പുറം, ആദൂര്‍, പേരൂര്‍ എന്നി സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. 1994-ലാണ് സഅദിയ്യയില്‍ മുദരിസായും ഉന്നതാധികാര സമിതി അംഗമായും ചുമതലയേല്‍ക്കുന്നത്. പ്രഗത്ഭരായ ശിഷ്യ സമ്പത്തുള്ള അദ്ദേഹം മഹല്ലുകളിലും ഉറൂസ് പരിപാടികളിലും ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന പ്രഭാഷണ വേദികളിലും നിറസാന്നിധ്യമാണ്. മഹല്ലുകളെ സംസ്‌കരിക്കുന്നതിലും ആത്മീയത വളര്‍ത്തുന്നതിലും അബ്ദുല്ല മുസ്‌ലിയാരുടെ പ്രഭാഷണം വലിയ മുതല്‍ക്കൂട്ടായിരുന്നു.

കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ആലംപാടി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, കെ. സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, കൈതേരിപ്പൊയില്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ നസഫി, പി. എം അബൂബക്കര്‍ മുസ്‌ലിയാര്‍ തളിപ്പറമ്പ് എന്നിവര്‍ ഉസ്താദുമാരില്‍ പ്രധാനികളാണ്. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, എ. കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പാറന്നൂര്‍ പി. പി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, വി. പി .എം ഫൈസി വില്ല്യാപള്ളി, ആയിനിക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സഹപാഠികളുമാണ്.

വലിയ വളപ്പില്‍ ബീരാന്‍റെയും സൈനബ ഹജ്ജുമ്മയുടെയും മകനായി 1940-ലാണ് ജനനം. മക്കള്‍ ഡോ.ജാഫര്‍ എം. ഡി ഖത്തര്‍, മഹമൂദ് (ചാര്‍ട്ടേഡ് എക്കൗണ്ടന്റ്), റഫീഖ് (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍), ഖദീജ, സുഹ്‌റ, അസ്മ, ഹാജറ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest