Categories
channelrb special local news news

ഭക്ഷ്യസുരക്ഷ കർശനമാക്കും; സംസ്ഥാന വ്യാപകമായി ഹോട്ടലുകളിലും തട്ടുകടകളില്‍ ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധനകൾ, കാസർകോട്ട് മുന്നറിയിപ്പ് നോട്ടീസ് നൽകി

ഭക്ഷണങ്ങളിൽ മായം ചേർക്കുന്നതും തടയും

കാസര്‍കോട്: സംസ്ഥാന വ്യാപകമായി ഹോട്ടലുകളിലും തട്ടുകടകളില്‍ ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധന. ഭക്ഷ്യസുരക്ഷാ നിയമം കർശനമാക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധനകൾ. ഹോട്ടലുകൾക്ക് പുറമെ തട്ടുകടകളും വഴിയോര ഭക്ഷണ കേന്ദ്രങ്ങളും വ്യാപകമായിട്ടുണ്ട്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കിയതെന്ന് ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു.

ഭക്ഷണ പദാർത്ഥങ്ങൾ വില്പന നടത്തുന്ന സ്ഥാപനങ്ങൾ ആരോഗ്യ വിഭാഗത്തിൻ്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ലൈസൻസും അംഗീകാരവും ഇല്ലാതെയാണ് പൊതുജനങ്ങൾക്ക് ഭക്ഷണം വിളമ്പുന്നതെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്. വിവിധ ജില്ലകളിൽ നടത്തിയ റെയ്‌ഡിൽ മാംസം ഉൾപ്പടെയുള്ള പഴകിയ ഭക്ഷണങ്ങളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഭക്ഷണങ്ങളിൽ മായം ചേർക്കുന്നതും തടയും.

ഹോട്ടൽ, തട്ടുകടകൾ തുടങ്ങിയ ഇടങ്ങളിലെ പാചകക്കാരും ജോലിക്കാരും അതാത് മെഡിക്കൽ ഓഫിസറിൽ നിന്നും ആരോഗ്യ പരിശോധന നടത്തണം. മെഡിക്കൽ രേഖകളും മറ്റു ലൈസൻസുകളും പരിശോധന സമയത്ത് ഹാജരാക്കണമെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. ശുദ്ധജലം ഉപയോഗിക്കുകയും വൃത്തിയുള്ള ഇടങ്ങൾ ഒരുക്കുകയും വേണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കാസർകോട് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതര്‍ നഗരത്തിലെ തട്ടുകടകളില്‍ ബുധനാഴ്‌ച രാത്രിയിൽ പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാരായണിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനകൾ ഇനിയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ നഗരത്തിലെ വിവിധ ഹോട്ടലുകളിലും പരിശോധന നടന്നിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *