Categories
local news

മടിക്കൈയുടെ വികസനചിത്രത്തിലെ നാഴികകല്ല്; ടി.എസ്.തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിൻ്റെ നിര്‍മാണം അന്തിമഘട്ടത്തില്‍

കിഫ്ബി ധനസഹായത്തോടെ 41.95 കോടി രൂപയില്‍ പണി കഴിപ്പിക്കുന്ന സമുച്ചയം ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാറിൻ്റെ ഈടുറ്റ സംഭാവനയിലൊന്നായി മാറും

കാസർകോട്: മടിക്കൈയുടെ വികസനചിത്രത്തിലെ നാഴികക്കല്ലാകാന്‍ ഒരുങ്ങുകയാണ് അമ്പലത്തുകരയില്‍ ഒരുങ്ങുന്ന ടി.എസ്. തിരുമുമ്പ് സാംസ്‌കാരിക സമുച്ചയം. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തുകരയില്‍ 3.77 ഏക്കര്‍ സ്ഥലത്താണ് ഓപ്പണ്‍ എയര്‍ തിയേറ്ററടക്കം അഞ്ച് കെട്ടിടങ്ങളോട് കൂടിയ ടി.എസ്.തിരുമുമ്പ് സാംസ്‌കാരിക സമുച്ചയമൊരുങ്ങുന്നത്.

സാംസ്‌കാരിക സമ്മേളനങ്ങള്‍, കലാപരിപാടികള്‍, ശില്‍പശാലകള്‍ തുടങ്ങിയവയ്ക്ക് ഉതകുന്ന തരത്തില്‍ ഓപ്പണ്‍ എയര്‍ തിയേറ്റര്‍ ഉള്‍പ്പടെ വിപുലമായ സൗകര്യങ്ങളാണ് സാംസ്‌കാരിക സമുച്ചയത്തില്‍ സജ്ജീകരിക്കുന്നത്. കിഫ്ബി ധനസഹായത്തോടെ 41.95 കോടി രൂപയില്‍ പണി കഴിപ്പിക്കുന്ന സമുച്ചയം ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാറിൻ്റെ ഈടുറ്റ സംഭാവനയിലൊന്നായി മാറും.

വിശാലമായ പൂമുഖം, പ്രദര്‍ശന ഹാള്‍, ഭക്ഷണശാല, ഓഡിറ്റോറിയം, എന്നിവയും സമുച്ചയത്തിലുണ്ട്. 69,250 ചതുരശ്ര അടിയാണ് സാംസ്‌കാരിക സമുച്ചയത്തിൻ്റെ ആകെ വിസ്തൃതി. പ്രവേശന ബ്ലോക്കില്‍ 14750 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വിവരവിതരണ കേന്ദ്രം, സ്മാരക ഹാള്‍, സുവനീര്‍ വില്‍പന ശാലകള്‍, ഗ്രന്ഥശാല, ഭരണനിര്‍വ്വഹണ കേന്ദ്രം എന്നിവ ഉള്‍പ്പെടുന്നു.

25,750 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രദര്‍ശന ശാല, ബ്ലാക്ക് ബുക്ക് തിയേറ്റര്‍, സെമിനാര്‍ ഹാള്‍, പഠന മുറികള്‍ കൂടാതെ കലാകാരന്‍മാര്‍ക്കുള്ള പണിശാലകള്‍ എന്നിവ പ്രദര്‍ശന ബ്ലോക്കിൻ്റെ ഭാഗമായി ഒരുങ്ങുന്നു. 10,750 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓഡിറ്റോറിയം, പതിനാലായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഗോത്രകലാ മ്യൂസിയം, ഫോക്ളോര്‍ സെന്റര്‍, കഫെറ്റീരിയ എന്നിവ അടങ്ങിയ കഫെറ്റീരിയ ബ്ലോക്കും സമുച്ചയത്തിലുണ്ട്.

ഓപ്പണ്‍ എയര്‍ തിയറ്ററില്‍ 650 പേര്‍ക്ക് പരിപാടികള്‍ വീക്ഷിക്കാന്‍ സാധിക്കും. അന്തിമഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാംസ്‌കാരിക സമുച്ചയം ഓഗസ്റ്റില്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ.

0Shares

Leave a Reply

Your email address will not be published. Required fields are marked *