Categories
പാണത്തൂര്‍ പരിയാരത്ത് പ്ലാൻ്റെഷന്‍ തൊഴിലാളികള്‍ക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു; മരത്തില്‍ ഓടി കയറിയതിനാല്‍ രക്ഷപ്പെട്ടു
ആനകള്‍ തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്തപ്പോള്‍ ഓടി മരത്തില്‍ കയറി
Trending News


പാണത്തൂര്‍ / കാസർകോട്: റാണിപുരം, പാണത്തൂർ, പരിയാരം ഭാഗങ്ങളില്‍ കാട്ടാനകൾ ഇറങ്ങിയത് പ്രദേശ വാസികളെയും വിനോദ സഞ്ചാരികളെയും ഭീതിയിലാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ റാണിപുരത്തും പാണത്തൂര്‍ പരിയാരത്തും കാട്ടാനകളിറങ്ങി വന്‍തോതിൽ കൃഷി നശിപ്പിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളിലും വിനോദ സഞ്ചാരികളുടെ സഞ്ചാരപാതയിലും കാട്ടാനകള്‍ കൂട്ടംകൂടി നടക്കുന്നത് പതിവായി. ഇതുകാരണം ഈ ഭാഗത്ത് ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
Also Read
വ്യാഴാഴ്‌ച ആനകള്‍ റാണിപുരം ഡി.ടി.പി.സി റിസോര്‍ട്ടിന് സമീപം റോഡിലിറങ്ങിയത് പരിഭ്രാന്തി പരത്തി. ആനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ സോളാര്‍ വേലി സ്ഥാപിച്ചിരുന്നു. എന്നാല്‍ സോളാര്‍ വേലിതകര്‍ത്ത് ആനകള്‍ കൂട്ടത്തോടെ എത്തുകയാണ്. ഇവ തിരിച്ചുപോകാതെ സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ തമ്പടിക്കുന്നു. പരിയാരത്ത് പ്ലാൻ്റെഷന്‍ തൊഴിലാളികള്‍ ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആനകള്‍ തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്തപ്പോള്‍ ഓടി മരത്തില്‍ കയറിയതിനാൽ രക്ഷപ്പെട്ടത്.
റാണിപുരത്ത് നിലവില്‍ സ്വകാര്യ വ്യക്തികളുടെ നൂറേക്കറോളം സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. ഇവിടെ ആനകള്‍ തമ്പടിക്കുന്നു. വനത്തിനകത്ത് അടിക്കാടുകൾ ഇല്ലാത്തതിനാല്‍ ആനകളെ ദൂരെ നിന്ന് തന്നെ കാണാന്‍ കഴിയും. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് തമ്പടിക്കുന്ന ആനകളുടെ അടുത്തെത്തിയാല്‍ മാത്രമേ കാണാനാകുന്നുള്ളൂ.

വനത്തിന് അകത്തേക്ക് ഇവയെ ഓടിച്ചു കയറ്റുകയെന്നത് ബുദ്ധിമുട്ടാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുള്ള കാടുകള്‍ വെട്ടിത്തെളിച്ചാല്‍ ആനകള്‍ ഇറങ്ങുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.
കഴിഞ്ഞ ദിവസം പനത്തടി പഞ്ചായത്തില്‍ ചേര്‍ന്ന ജനജാഗ്രതാ സമിതിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് സ്വകാര്യ സ്ഥലം ഉടമകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാട്ടാനശല്യം രൂക്ഷമായ പരിയാരം, റാണിപുരം മേഖലയില്‍ കര്‍ഷകരുടെയും നാട്ടുകാരുടെയും പ്രത്യേകയോഗം വിളിക്കാനും തീരുമാനിച്ചു.
ആനകള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. റാണിപുരത്ത് മാത്യു കുരുവിനാ വേലില്‍, ആനിമൂട്ടില്‍ ടോമി, മധു റാണിപുരം എന്നിവരുടെ വാഴ, തെങ്ങ്, കമുക് കൃഷികളും പരിയാരത്തെ മുഹമ്മദ് നജ്‌മീ, എ.ജെ ജോസഫ് ആലക്കല്‍, സാം തോമസ് കുന്നത്ത് പൊതിയില്‍ എന്നിവരുടെ കൃഷികളും ആന നശിപ്പിച്ചു.

Sorry, there was a YouTube error.