Categories
news

മുസ്‌ലിം സ്ത്രീകൾക്കെതിരെ ബലാത്സംഗഭീഷണി; ക്ലബ്ഹൗസ് ചർച്ചയിൽ പങ്കെടുത്ത മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ചർച്ചയിൽ പങ്കെടുത്ത പലരും സ്ത്രീകൾക്കെതിരെ ബലാത്സംഗഭീഷണി മുഴക്കുകയും വർഗീയയും വിദ്വേഷപരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നതായി മുംബൈ പൊലീസ്

ഓഡിയോ ചാറ്റ് ആപ്പായ ക്ലബ്ഹൗസിൽ നടന്ന ചർച്ചയ്ക്കിടെ സ്ത്രീകൾക്കെതിരെ ലൈംഗികപരാമർശങ്ങൾ നടത്തുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്ത മൂന്ന് പേരെ അറസ്റ്റ് ചെയ്തു.മുംബൈ പൊലീസിൻ്റെ സൈബർ സെൽ സംഘമാണ് ഹരിയാനയിൽ നിന്നും മൂന്ന് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. പ്രതികൾ മുസ്‍ലിം സ്ത്രീകൾക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

കർണാൽ സ്വദേശിയായ 19കാരൻ ആകാശ് സുയൽ (ക്ലബ്ഹൗസ് ഐ.ഡി-കിര എക്സ്.ഡി), ഫരീദാബാദിൽ നിന്നുള്ള 21കാരൻ ജെയ്ഷ്ണവ് കക്കർ (ക്ലബ്ഹൗസ് ഐ.ഡി- ജെയ്ഷ്ണവ്), 22കാരൻ യഷ് പരാഷർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ബി.കോം വിദ്യാർത്ഥിയാണ് ജെയ്ഷ്ണവ് കക്കർ. ആകാശ് സുയൽ ഇന്റർമീഡിയറ്റ് ബിരുദധാരിയാണ്. എന്നാൽ രാഷ്ട്രീയ പശ്ചാത്തലമുള്ളയാളും നിയമ ബിരുദധാരിയുമാണ് യഷ് പരാഷർ എന്നാണ് റിപ്പോർട്ട്.

കേസിലെ നാലാം പ്രതിയായ റിതേഷ് ജാ ഒളിവിലാണെന്നാണ് റിപ്പോർട്ട്.അറസ്റ്റിലായ മൂന്ന് പേരും ക്ലബ്ഹൗസ് റൂമുകളുടെ മോഡറേറ്റർമാരോ സ്പീക്കർമാരോ ആണ്. രണ്ട് ക്ലബ്ഹൗസ് റൂമുകൾ വഴിയാണ് സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ പ്രതികൾ നടത്തിയത്. മുസ്‌ലിം പെൺകുട്ടികൾ ഹിന്ദു പെൺകുട്ടികളേക്കാൾ സുന്ദരികളാണ് , ഉയർന്ന ജാതിയിൽ പെട്ട ആൺകുട്ടികളെ വിവാഹം കഴിക്കാനുള്ള പ്രിവിലേജ് പെൺകുട്ടികൾക്കില്ല എന്നീ തലക്കെട്ടുകളിലായിരുന്നു ചർച്ചകൾ നടന്നത്.

ചർച്ചയിൽ പങ്കെടുത്ത പലരും സ്ത്രീകൾക്കെതിരെ ബലാത്സംഗഭീഷണി മുഴക്കുകയും വർഗീയയും വിദ്വേഷപരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നതായി മുംബൈ പൊലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *