Categories
business Kerala news

വിഴിഞ്ഞം തുറമുഖത്തിന്‌ 2000 കോടി വായ്‌പ; തുറമുഖത്തിൻ്റെ വിജയസാധ്യത അംഗീകരിച്ച്‌ ധനകാര്യ സ്ഥാപനങ്ങള്‍

ബാലരാമപുരം– വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പ്പാതയുടെ നിര്‍മാണത്തിനും ഉടൻ തുടക്കം കുറിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് രണ്ടായിരം കോടിയുടെ വായ്‌പ. ഹഡ്കോയില്‍ നിന്നാണ് തുക അനുവദിച്ചത്. 3400 കോടിരൂപയുടെ വായ്‌പയ്ക്കാണ് ഹഡ്കോയെ സമീപിച്ചിരുന്നത്. വലിയ തുക വായ്‌പയായി സമാഹരിക്കാൻ കഴിഞ്ഞത് നേട്ടമായാണ് സംസ്ഥാന സര്‍ക്കാരും വിഴിഞ്ഞം ഇൻ്റെര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡും (വിസില്‍) കാണുന്നത്. വിസിലിനാണ് വായ്‌പ അനുവദിച്ചത്. വമ്പൻ പദ്ധതിയുടെ വിജയസാധ്യത ധനകാര്യ സ്ഥാപനങ്ങളും അംഗീകരിച്ചതിൻ്റെ ഫലമാണിത്. 15 വര്‍ഷം തുകയുടെ പലിശമാത്രമാണ് നല്‍കേണ്ടത്. 7700 കോടി ചെലവ് വരുന്ന തുറമുഖ പദ്ധതിക്ക് 4428 കോടിരൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നത്.

വായ്‌പ ലഭ്യമായതോടെ ബാലരാമപുരം– വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പ്പാതയുടെ നിര്‍മാണത്തിനും ഉടൻ തുടക്കം കുറിക്കും. പദ്ധതിക്ക് ദക്ഷിണ റെയില്‍വേ നേരത്തെ അനുമതി നല്‍കിയിരുന്നു. 10.7 കിലോമീറ്റര്‍ ദൂരം വരുന്ന പാത തുറമുഖം കമ്മീഷൻ ചെയ്‌ത്‌ മൂന്നുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കണം.

1060 കോടി രൂപയാണ് നിര്‍മാണ ചെലവ്. കൊങ്കണ്‍ റെയില്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല. ബ്രോഡ്ഗേജ് പാത ചരക്കുനീക്കത്തിന് വേണ്ടി മാത്രമുള്ളതാണ്. പാതയുടെ 4.74 കിലോമീറ്റര്‍ ടണലില്‍ കൂടി പോകുന്നത്. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായുള്ള നടപടി പുരോഗമിക്കുകയാണ്.

കപ്പലുകളില്‍ നിന്ന് ചരക്കുകള്‍ കയറ്റാനും ഇറക്കാനുമുള്ള ക്രെയിനുകള്‍ സെപ്തംബറില്‍ വിഴിഞ്ഞത്ത് എത്തി തുടങ്ങും. 90 മീറ്റര്‍ ഉയരമുള്ള എട്ട് ക്രെയിനുകള്‍ ഉള്‍പ്പെടെ 40 ക്രെയിനുകളാണ് എത്തിക്കുന്നത്. ഇതുമായുള്ള കപ്പലുകളാകും ആദ്യം തീരത്ത് എത്തുക. ആദ്യഘട്ടത്തില്‍ പുലിമുട്ട് നിര്‍മാണത്തിൻ്റെ 2960 മീറ്ററാണ് പൂര്‍ത്തീകരിക്കേണ്ടത്. ഇതില്‍ 2300 മീറ്റര്‍ നിര്‍മാണം നടന്നു. ബര്‍ത്തിൻ്റെ നിര്‍മാണം സെപ്തംബറില്‍ പൂര്‍ത്തിയാകും.

ഗ്യാപ് വയബിലിറ്റി ഫണ്ടായി 1635 കോടി രൂപ അദാനി ഗ്രൂപ്പിന് നല്‍കണം. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ 817 കോടിയും സംസ്ഥാനസര്‍ക്കാര്‍ 818 കോടിയുമാണ് കൊടുക്കേണ്ടത്. കേന്ദ്രവിഹിതം ലഭ്യമാക്കാൻ അദാനി പോർട്‌സിനെ ഉള്‍പ്പെടുത്തി ത്രികക്ഷി കരാര്‍ ഉണ്ടാകണം. അതിനായുള്ള നടപടി തുറമുഖ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഷിപ്പിങ് കമ്പനികളെയും ലോജിസ്റ്റിക്‌സ് കമ്പനികളെയും പങ്കെടുപ്പിച്ച്‌ സമ്മേളനം സെപ്തംബറില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തും.

0Shares

Leave a Reply

Your email address will not be published. Required fields are marked *