Categories
entertainment Kerala news

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മത്സരരംഗത്ത് 154 ചിത്രങ്ങള്‍, മെയ് ആദ്യവാരം സ്ക്രീനിങ്ങെന്ന് അക്കാദമി

ഇത്തവണ രണ്ട് പ്രാഥമിക ജൂറികള്‍ 77 സിനിമകള്‍ വീതം കണ്ട് വിലയിരുത്തും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനായുള്ള സിനിമകളുടെ പട്ടികയായി. സൂപ്പര്‍താരങ്ങളും അല്ലാത്തവരും നായികാ നായകന്മാരായ 154 ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മത്സരിക്കുന്നത്. ഇത് റെക്കോഡാണ്. കഴിഞ്ഞതവണ 142-ഉം അതിന് മുമ്പ് കൊവിഡ് കാലത്ത് 80 ചിത്രങ്ങളുമായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇത്തവണ രണ്ട് പ്രാഥമിക ജൂറികള്‍ 77 സിനിമകള്‍ വീതം കണ്ട് വിലയിരുത്തും.

അതില്‍ നിന്ന് മുപ്പതുശതമാനം ചിത്രങ്ങള്‍ മാത്രമാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് വിടുക. അവാര്‍ഡ് പരിഗണനയക്ക് വന്ന ചിത്രങ്ങളുമായി ബന്ധമില്ലാത്ത ചലച്ചിത്ര പ്രവര്‍ത്തകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചലച്ചിത്ര അക്കാദമി. ജൂറി അധ്യക്ഷനെയും കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഈ മാസം അവസാനത്തോടെ ജൂറിയെ തീരുമാനിച്ച്‌ മെയ് ആദ്യവാരം സ്ക്രീനിങ് തുടങ്ങാന്‍ കഴിയുമെന്നാണ് അക്കാദമിയുടെ പ്രതീക്ഷ.

മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ഭീഷ്മ പര്‍വം, റോഷാക്ക്,പുഴു, മോഹന്‍ലാലിന്‍റെ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍, മോണ്‍സ്റ്റര്‍. പൃഥ്വിരാജിന്‍റെ ജനഗണമന, കടുവ, കാപ്പ, തീര്‍പ്പ്, ഗോള്‍ഡ്, കുഞ്ചാക്കോ ബോബന്‍റെ ന്നാ താന്‍ കേസ് കൊട്, അറിയിപ്പ്, പകലും പാതിരാവും എന്നിവയും പട്ടികയിലുണ്ട്.

ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്തു മയക്കവും തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കയും വിവിധ ചലച്ചിത്ര മേളകളില്‍ പുരസ്കാരങ്ങള്‍ നേടിയിരുന്നു. കുഞ്ചാക്കോ ബോബന്‍ കള്ളന്‍റെ വേഷത്തിലെത്തിയ ന്നാ താന്‍ കേസ് കൊട് ഉള്‍പ്പടെ പ്രമേയത്തിന്‍റെ വ്യത്യസ്തത കൊണ്ട് ജനശ്രദ്ധ നേടിയ ഒട്ടേറെ ചിത്രങ്ങള്‍ വിധി നിര്‍ണയത്തിനുണ്ട്. പുറത്തിറങ്ങാത്ത ചിത്രങ്ങളാണ് കൂടുതലുമുള്ളത്. ജയരാജ്, സത്യന്‍ അന്തിക്കാട്, വിനയന്‍, ടി.കെ രാജീവ് കുമാര്‍ തുടങ്ങി പരിചയ സമ്പന്നരായ സംവിധായകരും മത്സരിക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *