Categories
national news

റെഡ് സിഗ്നല്‍ മറികടന്ന് കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ചരക്ക് തീവണ്ടി ഇടിച്ചു കയറി; മരണം 15 ആയി, അപകടത്തിൻ്റെ ഉത്തരവാദി മോദി സർക്കാരെന്ന് ഖാർ​ഗെ

അപകടത്തില്‍ കാഞ്ചന്‍ജംഗയുടെ മൂന്ന് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റി

കൊല്‍ക്കത്ത: ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം പതിനഞ്ചായി. മരിച്ചവരില്‍ ചരക്കുവണ്ടിയുടെ ലോക്കോ പൈലറ്റ് ഉള്‍പ്പടെ മൂന്ന് റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടുന്നു. അസമിലെ സില്‍ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ്, രാവിലെ ചരക്കു വണ്ടിയുമായി കൂട്ടിയിടിക്കുക ആയിരുന്നു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു.

അപകടത്തില്‍ കാഞ്ചന്‍ജംഗയുടെ മൂന്ന് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചുവപ്പ് സിഗ്നല്‍ മറികടന്ന് ചരക്ക് ട്രെയിന്‍ അമിതവേഗത്തിലെത്തി കാഞ്ചന്‍ജംഗ എക്‌സ്പ്രസുമായി കൂട്ടിയിടിക്കുക ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 8.50നായിരുന്നു അപകടമെന്നാണ് വിവരം.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ജയവര്‍മ സിന്‍ഹ പറഞ്ഞു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വിതം ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍വക്ക് രണ്ടരലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

ബം​ഗാൾ ട്രെയിൻ അപകടത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കോൺ​ഗ്രസ്. കഴിഞ്ഞ 10 വർഷമായി മോദി സർക്കാരിന് കീഴിൽ റെയിൽവേ മന്ത്രാലയത്തിൽ കെടുകാര്യസ്ഥതയാണ് നടന്നു വന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. റെയിൽവെ മന്ത്രാലയത്തെ സ്വയം പ്രമോഷൻ്റെ വേദിയാക്കി മാറ്റി. ഈ അപകടത്തിൻ്റെ ഉത്തരവാദി മോദി സർക്കാരാണെന്നും ഖാർ​ഗെ കുറ്റപ്പെടുത്തി.

ദുരന്തം വേദനാജനകമാണ്. മരിച്ചവരുടെ കുടുംബാം​ഗങ്ങളെ ദുഃഖം അറിയിക്കുന്നു. പരിക്കേറ്റവർ വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരന്തത്തിന് ഇരയായവർക്ക് ഉടനടി പൂർണമായ നഷ്ടപരിഹാരം നൽകണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് ഇന്ത്യാ സഖ്യനേതാക്കള്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest