Categories
education Kerala local news news

നൂറുശതമാനം വിജയം നേടി ജില്ലയിൽ 122 സ്‌കൂളുകൾ; ഇക്കൊല്ലത്തെ നേട്ടം ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ കരുത്തിൽ, വിദ്യാർത്ഥികൾക്ക് അഭിനന്ദന പ്രവാഹം

സർക്കാർ സ്‌കൂളുകളാണ് മുന്നിട്ടുനിൽക്കുന്നത്. 74 എണ്ണം. 23 എയ്‌ഡഡ് സ്‌കൂളും 25 അൺഎയ്‌ഡഡ് സ്‌കൂളും നൂറുമേനി വിജയം

കാസർകോട്: സംസ്ഥാന സർക്കാർ വിജയകരമായി നടപ്പാക്കിയ ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ കരുത്തിനൊപ്പം അവസാന മൂന്നുമാസം സ്‌കൂളിലെത്തി പഠിച്ചതിൻ്റെ നേട്ടം കൊയ്‌ത്‌ വിദ്യാർഥികൾ. എസ്‌.എസ്‌.എൽ.സി പരീക്ഷാഫലം വന്നപ്പോൾ ഇത്തവണയും ജില്ലയ്ക്ക് മികച്ച ജയം. പരീക്ഷയെഴുതിയവരിൽ 99.48 ശതമാനം പേരും വിജയിച്ചു. 19,761 പേർ പരീക്ഷ എഴുതിയതിൽ 19,658 പേരാണ് ഉപരിപഠനത്തിന് അർഹരായത്. ഇതിൽ 10,199 ആൺകുട്ടികളും 9459 പേർ പെൺകുട്ടികളുമാണ്.
കഴിഞ്ഞ വർഷം 99.74 ശതമാനമായിരുന്നു വിജയം. ഇത്തവണ .26 ശതമാനത്തിൻ്റെ കുറവുണ്ടായി.

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 99.19 ശതമാനവും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 99.84 ശതമാനവുമാണ് ജയം. നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും നേരിയ കുറവുണ്ട്. കഴിഞ്ഞതവണ 131 സ്കൂളുകളായിരുന്നുവെങ്കിൽ ഇത്തവണ 122 എണ്ണമാണുള്ളത്‌. സർക്കാർ സ്‌കൂളുകളാണ് ഇതിൽ മുന്നിട്ടുനിൽക്കുന്നത്. 74 എണ്ണം. 23 എയ്‌ഡഡ് സ്കൂളും 25 അൺഎയ്‌ഡഡ് സ്‌കൂളും നൂറുമേനി വിജയം സ്വന്തമാക്കി.

1639 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടി. പെൺകുട്ടികളാണ്‌ ഇതിൽ മുന്നിൽ. 1184 പേർ. 455 ആൺകുട്ടികളും മുഴുവൻ വിഷയത്തിൽ എ പ്ലസ്‌ നേടി. ഇതിൽ 852 പേർ സർക്കാർ സ്‌കൂളിൽ പഠിച്ചവരും 588 പേർ എയ്‌ഡഡ്‌, 194 പേർ അൺ എയ്‌ഡഡ്‌ മേഖലയിലുമാണ്‌ പഠിച്ചത്‌. കഴിഞ്ഞവർഷം 4366 പേരാണ്‌ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടിയത്‌. ജില്ലയിൽ ആകെയുള്ള 160 സ്‌കൂളിൽ 96 എണ്ണം സർക്കാർ മേഖലയിലും 33 എയ്‌ഡഡ്‌, 31 അൺഎയ്‌ഡഡ്‌ മേഖലയിലുമാണ്‌. കാസർകോട്‌ വിദ്യാഭ്യാസ ജില്ലയിൽ 10,965 പേരും കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ ജില്ലയിൽ 8796 പേരുമാണ്‌ പരീക്ഷയെഴുതിയത്‌. കാസർകോട്‌ 10,876 പേരും കാഞ്ഞങ്ങാട്‌ 8782 പേരുമാണ്‌ ജേതാക്കളായത്‌.

0Shares

Leave a Reply

Your email address will not be published. Required fields are marked *