Categories
national news sports

ഏഷ്യന്‍ ഗയിംസില്‍ 100 മെഡല്‍; ചരിത്ര മെഡല്‍ നേട്ടത്തില്‍ താരങ്ങളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭാരതത്തിലെ ജനങ്ങള്‍ ‘ആഹ്ളാദ ഭരിതരാണെന്ന്’ പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഹാങ്ചൊ ഏഷ്യൻ ഗെയിംസില്‍ നൂറ് മെഡല്‍ തികച്ച ഭാരതത്തിൻ്റെ കായിക താരങ്ങളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. താരങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ ‘ചരിത്രം സൃഷ്ടിക്കുകയും രാജ്യത്തിൻ്റെ ഹൃദയങ്ങളില്‍ അഭിമാനം നിറയ്‌ക്കുകയും ചെയ്‌തു’ എന്ന് മോദി ട്വിറ്റ്ചെയ്‌തു.

കായിക താരങ്ങളുടെ പ്രകടനത്തെ ‘നിര്‍ണായക നേട്ടം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്യത്തിൻ്റെ വിജയത്തില്‍ ഭാരതത്തിലെ ജനങ്ങള്‍ ‘ആഹ്ളാദ ഭരിതരാണെന്ന്’ പറഞ്ഞു. ഒക്ടോബര്‍ 10ന് കായിക താരങ്ങള്‍ക്ക് വിരുന്നൊരുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് നിര്‍ണായക നേട്ടം. 100 മെഡലുകളുടെ ശ്രദ്ധേയമായ നാഴികക്കല്ലില്‍ എത്തിയതില്‍ ഭാരതത്തിലെ ജനങ്ങള്‍ ആവേശഭരിതരാണ്. ഭാരതത്തെ ഈ ചരിത്ര നാഴികക്കല്ലിലേക്ക് നയിച്ച നമ്മുടെ താരങ്ങളെ ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

പ്രചോദിപ്പിക്കുന്ന പ്രകടനം ചരിത്രം സൃഷ്ടിക്കുകയും ഞങ്ങളുടെ ഹൃദയങ്ങളില്‍ അഭിമാനം നിറയ്‌ക്കുകയും ചെയ്‌തു. 10ന് ഞങ്ങളുടെ ഏഷ്യൻ ഗെയിംസ് സംഘത്തിന് വിരുന്നൊരുക്കാനും ഞങ്ങളുടെ താരങ്ങളുമായി സംവദിക്കാനും ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്

കബഡി ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ തായ്‌പേയിയെ പരാജയപ്പെടുത്തി ഭാരതത്തിൻ്റെ വനിതാ ടീം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയതോടെയാണ് 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി 100 മെഡലുകളെന്ന സ്വപ്‌ന റെക്കോര്‍ഡ് ഭാരതം കരസ്ഥമാക്കിയത്. ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ ഭാരതത്തിൻ്റെ റെക്കോര്‍ഡ്.

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 26-25 എന്ന സ്‌കോറിലാണ് ഭാരത വനിതാ കബഡി ടീം ചൈനയുടെ തായ്‌പേയി ടീമിനെ മലര്‍ത്തിയടിച്ചത്. 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമായാണ് ഭാരതം 100 മെഡല്‍ നേട്ടം കൈവരിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *