Categories
news

റൈഫിളിന് 1.15 ലക്ഷം; ജീവിക്കാൻ തോക്ക് വേണമോ? ലൈസൻസ് എങ്ങിനെ കിട്ടും? ആർക്കും തോക്ക് ലഭിക്കുമോ?; കൂടുതൽ അറിയാം

സ്വയരക്ഷയ്ക്കു മാത്രമേ തോക്ക് ഉപയോഗിക്കാൻ പാടുള്ളൂ. ജീവന് ഭീഷണിയില്ലാത്ത സാഹചര്യത്തില്‍, എയർഗണ്ണായാലും ചൂണ്ടിയാൽ നിയമ നടപടി നേരിടേണ്ടിവരും.

കൊച്ചിയിലും തിരുവനന്തപുരത്തും എ.ടി.എമ്മിൽ പണം നിറയ്ക്കാൻ പോകുന്ന സുരക്ഷാ ജീവനക്കാരിൽനിന്ന് കഴിഞ്ഞ ആഗസ്റ്റിൽ തോക്കുകൾ കണ്ടെത്തിയ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടിടത്തും പൊലീസ് അറസ്റ്റും രേഖപ്പെടുത്തിക്കഴിഞ്ഞു. അന്വേഷണം ജമ്മു കശ്മീരിലേക്കു വരെ നീണ്ടു. കേരളത്തിൽ ഇത്ര എളുപ്പത്തിൽ ഒരാൾക്ക് തോക്ക് ലൈസൻസ് ലഭിക്കുമോ? ഒരന്വേഷണം.

ആർക്കും തോക്ക് ലഭിക്കുമോ?

സർക്കാരിന് കീഴിലുള്ള സുരക്ഷാ ഏജൻസികൾക്കും വ്യക്തികൾക്കും തോക്ക് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ കേരളത്തിൽ വ്യത്യസ്ഥമാണ്. സുരക്ഷാ സേന ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കുകൾ ജനങ്ങൾക്ക് ഉപയോഗിക്കാനാകില്ല. സ്വയം സുരക്ഷയ്ക്കായാണ് സാധാരണക്കാർക്ക് തോക്ക് അനുവദിക്കുന്നത്. താമസിക്കുന്ന ജില്ലയിലെ കലക്ടറേറ്റിലാണ് ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്.

ജില്ലാ പൊലീസ് മേധാവി, റവന്യു ഡിവിഷണൽ ഓഫിസർ (ആർ.ഡി.എ), ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എന്നിവർക്ക് കലക്ടർ അന്വേഷണത്തിനു നിർദേശം നൽകും. റിപ്പോര്‍ട്ട് അനുകൂലമാണെങ്കിൽ തോക്ക് അനുവദിക്കും. ആദ്യം ഒരു വർഷത്തേക്കും പിന്നീട് 5 വർഷത്തേക്കുമാണ് ലൈസൻസ് നൽകുക. ക്രമസമാധാന പ്രശ്നം, തിരഞ്ഞെടുപ്പ് തുടങ്ങിയ ഘട്ടങ്ങളിൽ സർക്കാർ നിർദേശിക്കുമ്പോൾ തോക്ക് അധികൃതർക്കു മുന്നിൽ ഹാജരാക്കണം.

വിമുക്ത ഭടന്മാർക്ക് തോക്ക് ലഭിക്കുമോ?

വിമുക്ത ഭടന്‍മാർ ഉൾപ്പെടെ സാധാരണക്കാർ തോക്ക് ലഭിക്കാൻ കലക്ട്രേറ്റിലാണ് അപേക്ഷ നൽകേണ്ടത്. സ്വകാര്യ സുരക്ഷാ ഏജൻസികളിൽ ജോലി ചെയ്യാനാണ് വിമുക്തഭടൻമാർ തോക്ക് ലൈസന്‍സ് നേടുന്നത്. ഇങ്ങനെ ലൈസൻസ് ഉള്ളവർക്കു സുരക്ഷാ ഏജൻസികൾ മുൻഗണ നൽകും. സുരക്ഷാ ഏജൻസികൾക്കു നേരിട്ട് തോക്കു ലൈസൻസ് നൽകാറില്ല.

പ്രധാന ബാങ്കുകളുടെ കെട്ടിടങ്ങൾക്കു കാവൽ നിൽക്കുന്നത് ബാങ്കുകളുടെ സുരക്ഷാ ജീവനക്കാരായിക്കും. സുരക്ഷാ സംഘത്തിന്റെ മേൽനോട്ടത്തിനായി പട്ടാളത്തിൽനിന്നും പൊലീസിൽനിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥരുണ്ടാകും. ബന്ധപ്പെട്ട ബ്രാഞ്ചിലെ അധികാരിയുടെ പേരിലായിരിക്കും തോക്കിന് അപേക്ഷിക്കുക. എടിഎമ്മുകളിൽ പണം നിറയ്ക്കാൻ സ്വകാര്യ ഏജൻസികളെയാണ് ബാങ്കുകൾ ആശ്രയിക്കുന്നത്.

ഏതു തോക്കും ഉപയോഗിക്കാമോ?

ഒരു വർഷത്തേക്കു ലൈസൻസ് ഫീസ് 500 രൂപയാണ്. നിയന്ത്രിത വിഭാഗത്തിൽപ്പെടാത്ത തോക്കുകൾ മാത്രമേ വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും കൈവശം വയ്ക്കാൻ അനുവാദമുള്ളൂ. റിവോൾവർ, പിസ്റ്റൾ, ഡബിൾ ബാരൽ തുടങ്ങിയ വിഭാഗം തോക്കുകളാണ് ഇങ്ങനെ അനുവദിക്കുക. തോക്കിൻ്റെ മോഡൽ, അതിൽ ഉപയോഗിക്കുന്ന ബുള്ളറ്റിൻ്റെ വലുപ്പം, തോക്കിൻ്റെ സീരിയൽ നമ്പർ തുടങ്ങിയ വിവരങ്ങൾ സർക്കാരിലേക്കു നൽകണം. ഒരു വർഷം പരമാവധി 200 ബുള്ളറ്റുകൾ അനുവദിക്കും. തോക്ക് ലൈസൻസിൻ്റെ കാലാവധി കഴിഞ്ഞാൽ പുതുക്കുന്നതു വരെ അധികൃതരെ ഏൽപിക്കണം.

ജീവനു ഭീഷണിയുണ്ടെന്ന് അധികൃതർക്കു തോന്നുന്നവര്‍ക്കാണ് വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിൽ തോക്കു നൽകുന്നത്. തോട്ടങ്ങൾ ഉള്ളവർക്കും ലൈസൻസ് അനുവദിക്കാറുണ്ട്. എന്നാൽ, വന്യമൃഗങ്ങളെ വെടിവച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടിവരും. കലക്ടർ ആണ് തോക്ക് അനുവദിക്കുക. ഇതിനു പ്രത്യേക ഫോമിൽ അപേക്ഷ നൽകണം. നിരവധി പരിശോധനകൾക്കുശേഷം തോക്കു കൈവശം വയ്ക്കാൻ അർഹതയുണ്ടെന്നു വ്യക്തമായാൽ ലൈസൻസ് അനുവദിക്കും. ലൈസൻസ് പുതുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് മാത്രം മതി.

മാനസികാരോഗ്യവും പരിശോധിക്കും.

ആദ്യമായി തോക്ക് ലൈസൻസിന് അപേക്ഷിക്കുമ്പോൾ മാനസികാരോഗ്യം സംബന്ധിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. തോക്ക് ഉപയോഗിക്കാൻ അറിയാവുന്നവരാണോ എന്ന പൊലീസ് റിപ്പോർട്ട് വേണം. തോക്ക് വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് അധികൃതർക്ക് ബോധ്യപ്പെടണം. തോക്കിൻ്റെ ഉത്തരവാദിത്തം ഉടമയ്ക്കു മാത്രമായിരിക്കും.

സ്വയരക്ഷയ്ക്കു മാത്രമേ തോക്ക് ഉപയോഗിക്കാൻ പാടുള്ളൂ. ജീവന് ഭീഷണിയില്ലാത്ത സാഹചര്യത്തില്‍, എയർഗണ്ണായാലും ചൂണ്ടിയാൽ നിയമ നടപടി നേരിടേണ്ടിവരും. തോക്കുകൊണ്ട് ജീവന് അപകടം സംഭവിച്ചാലും നിയമനടപടികൾ നേരിടണം. ലൈസൻസ് ലഭിക്കാൻ 21 വയസ്സ് പൂർത്തിയാകണം, 75 വയസ്സ് കടക്കരുത്. കേരളത്തിൽ തോക്കു ലൈസൻസിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നതായി അധികൃതർ പറയുന്നു. സ്ത്രീകളും കൂടുതലായി അപേക്ഷിക്കുന്നുണ്ട്.

എയർ ഗണ്ണിന് ലൈസൻസ് വേണോ?

എയർ ആംസ്, ഫയർ ആംസ്, ഗ്യാസ് ആംസ്, ലേസർ ആംസ്, ആറ്റമിക് ആംസ് തുടങ്ങിയ വിഭാഗങ്ങളിൽ തോക്കുകൾ ലഭ്യമാണ്. അവസാന രണ്ടു വിഭാഗങ്ങൾ പ്രതിരോധ സേനയാണ് ഉപയോഗിക്കുന്നത്. ചില എയർ ഗണ്ണുകൾക്കും ലൈസൻസ് ആവശ്യമാണ്. ഫയർ ആംസ് വിഭാഗത്തിലാണ് റിവോൾവറും പിസ്റ്റളും റൈഫിളും ഉൾപ്പെടുന്നത്. ജനങ്ങൾക്ക് ലൈസൻസോടെ ഈ മൂന്നു വിഭാഗത്തിലുള്ള ആയുധം കൈവശം വയ്ക്കാം. വിദേശ നിർമിത പിസ്റ്റളിന് 75,000 രൂപ മുതൽ വിലയുണ്ട്. റിവോൾവറിന് 86,000 മുതലും റൈഫിളിന് 1.15 ലക്ഷംരൂപ മുതലും വിലയുണ്ട്.

303 റൈഫിളാണ് പൊലീസ് സേന കൂടുതലായി ഉപയോഗിക്കുന്നത്. എൻഫീൽഡ് കമ്പനിയാണ് ഇതു പുറത്തിറക്കുന്നത്. പാറാവ് ജോലിയും സുരക്ഷാ ജോലിയും ചെയ്യുന്നവരും എസ്ഐ മുതൽ ഡി.ജി.പി റാങ്ക് വരെയുള്ളവരും പിസ്റ്റളും റിവോൾവറും ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ കൂടുതലായും പിസ്റ്റളാണ് ഉപയോഗിക്കുന്നത്. ആംഡ് റിസർവ് ക്യാംപിൽ സാധാരണ ഉപയോഗിക്കുന്നത് എസ്എൽആർ, ഇൻസാസ് റൈഫിളുകളാണ്.

കാർബൺ ഓട്ടമാറ്റിക് ഗണ്ണും എ.കെ 47 തോക്കുകളും സേന ഉപയോഗിക്കുന്നുണ്ട്. എ.കെ 47 എണ്ണത്തിൽ കുറവാണ്. തൃച്ചി അസാൾട്ട് റൈഫിളും ഓർഡ്നൻസ് ഫാക്ടറിയുടെ റൈഫിളും അടുത്തിടെയായി പൊലീസ് ഉപയോഗിക്കുന്നുണ്ട്. എല്ലാ പിസ്റ്റളും 9 എം.എം ആണ്. ബ്രൗണിങ്, ഓർഡ്നൻസ് ഫാക്ടറി, ഗ്ലോക്ക് കമ്പനികളുടെ പിസ്റ്റളുകളാണ് സേന ഉപയോഗിക്കുന്നത്. പഴയ റിവോൾവറുകൾ ഉപയോഗിക്കുന്നതല്ലാതെ പുതിയവ വാങ്ങുന്നില്ല.

തോക്കുകൾ തിരഞ്ഞെടുക്കാൻ ഉദ്യോഗസ്ഥർക്ക് അനുവാദമില്ല. ജോലിയുടെ സ്വഭാവം അനുസരിച്ചാണ് തോക്കുകൾ വിതരണം ചെയ്യുന്നത്. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർക്കു തോക്കുകൾ വീട്ടിൽ കൊണ്ടുപോകാൻ അനുവാദമുണ്ട്. എപ്പോഴാണ് ഡ്യൂട്ടി ആരംഭിക്കുന്നത് എന്ന് മുൻകൂട്ടി പറയാൻ ആകാത്തതിനാലാണിത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *