Categories
news

സിനിമാപ്രതിസന്ധി : ഒരാൾ തുമ്മിയാൽ തെറിക്കുന്നതോ മലയാള സിനിമ ?..!

 

കൊച്ചി : മലയാള സിനിമ പ്രതിസന്ധിയിലായിട്ട് ഏറെ ദിവസങ്ങളായും  പ്രശ്നത്തിന്  പരിഹാരം കാണാൻ കഴിയാത്തതിന്റെ കാരണം സിനിമാ തീയേറ്റർ ഉടമകളുടെ സംഘടനയായ കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ കടും പിടിത്തമാണോ ? അല്ലെങ്കിൽ അതിന്റെ  പ്രസിഡണ്ട്  ലിബർട്ടി ബഹീറിന്റെ ഏകാധിപത്യ പ്രവണതക്കു മുന്നിൽ മറ്റുള്ളവരെല്ലാം തലകുനിച്ചു മുട്ടുമടക്കുന്നതാണോ ? സർക്കാർ ഇടപെട്ടിട്ടും പരിഹാര ഫോർമുല ഉണ്ടാക്കാൻ കഴിയാത്തതു റിലീസ് ചെയ്യുന്ന സിനിമകളുടെ തിയറ്റർ വിഹിതം പകുതി വേണം എന്ന നിർബന്ധത്തിൽ നിന്നും തീയേറ്റർ ഉടമകളുടെ സംഘടന പിന്നോട്ട് പോകാത്തത് കൊണ്ടാണോ..?  നിലവിൽ 40 %  മാണ് ആദ്യ ആഴ്ചയിൽ തീയറ്റർ ഉടമകളുടെ വിഹിതം. ഇത്  50 % ആക്കണം എന്നാണ് ആവശ്യം.

സ്വയം ന്യായീകരിച്ചും വാദ മുഖങ്ങൾ നിരത്തിയും നിർമാതാക്കളും വിതരണക്കാരും ഒരു ഭാഗത്തും തീയറ്റർ ഉടമകൾ മറുഭാഗത്തുമായി നടക്കുന്ന തർക്കം മലയാള സിനിമയുടെ ഭാവിയെയാണ് സാരമായി ബാധിച്ചിട്ടുള്ളത്. ഈ പ്രശ്നത്തിന്റെ കുരുക്കഴിക്കാൻ ഉത്തരവാദപ്പെട്ടവർ എന്തുകൊണ്ടാണ് ആത്മാർഥമായി ശ്രമിക്കാത്തത് ? ലക്ഷോപ ലക്ഷം പ്രേക്ഷകരെയും സംസ്ഥാന ഭരണകൂടത്തെയും അവഗണിച്ചുകൊണ്ട് മലയാള സിനിമയുടെ താക്കോൽ തന്ടെ കയ്യിൽ ഒതുക്കാൻ ഏതങ്കിലും ഒരാൾ ശ്രമിക്കുകയാണെങ്കിൽ പ്രബുദ്ധ കേരളത്തെ നമുക്ക് വെള്ളരിക്ക  പട്ടണമെന്ന് വിളിക്കേണ്ടിവരും.

എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിനെ ചുറ്റിപറ്റി കേൾക്കുന്ന വാർത്തകൾ നമ്മിൽ ഉണർത്തുന്നത് അത്തരം ആശങ്കകളും സംശയങ്ങളുമാണ്. സിനിമയുടെ വരുമാനം പങ്കിടൽ തർക്കം ഒടുവിൽ തിയറ്ററിൽ നിന്ന് സിനിമയുടെ തിരോധനത്തിലേക്കാണ് നയിച്ചിരിക്കുന്നത്.
പ്രശ്‌നംപരിഹരിക്കാൻ ആരുടെ ഭാഗത്തുനിന്നും ഗൗരവ പൂർണമായ ശ്രമം നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം. ഏതെങ്കിലും ഒരാളുടെ മുന്നിൽ മറ്റുള്ളവർ ഒന്നടങ്കം വിനീത വിധേയരായി പഞ്ചപുച്ഛമടക്കി നിൽക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനു ഭൂഷണമല്ല. സിനിമാ സമരവുമായി ബന്ധപ്പെട്ട് നാം കേൾക്കുന്ന വാർത്തകൾ ഒട്ടും സുഖം തരുന്നതല്ല. ജനാധിപത്യ ഭരണ ക്രമത്തിൽ ചർച്ചകൾ കൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കാൻ വഴികൾ പലതുണ്ട്. എന്നാൽ മലയാള സിനിമക്ക് ഇതൊന്നും ബാധകമല്ലേ എന്നാണ് കേരളത്തിലെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ചോദിക്കുന്നത്.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest