Categories
news

സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ (78) അന്തരിച്ചു.

പാലക്കാട്: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ (78) അന്തരിച്ചു. പാലക്കാട് തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 12 : 45 ഓടെയായിരുന്നു അന്ത്യം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിയായിരുന്നു എ പി മുഹമ്മദ് മുസ്‌ലിയാര്‍. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ പ്രധാന മുദരിസ്, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയ പദവികളില്‍ രണ്ടു പതിറ്റാണ്ടിലേറെ കാലമാണ് മുഹമ്മദ് മുസ്‌ലിയാര്‍ സേവനമനുഷ്ഠിച്ചത്. ദീര്‍ഘകാലം സമസ്തയില്‍ നേതൃപരമായ പങ്കുവഹിച്ച കുമരംപുത്തുര്‍ എ പി മുഹമ്മദ് മുസ്ലിയാര്‍ 1995 മുതല്‍ സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമായി.

2012 ല്‍ സമസ്ത ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സമസ്ത അധ്യക്ഷനായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്‍ലിയാരുടെ മരണത്തെ തുടര്‍ന്ന് സമസ്തയുടെ പത്താമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സമസ്ത ഫത്‌വാ കമ്മിറ്റി അംഗം, സമസ്ത കേരളാ മദ്‌റസാ മാനേജ്‌മെന്റ് പ്രസിഡന്റ്, സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ്, നാട്ടുകല്‍ ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങളും വഹിച്ചു വരികയായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ കൂടാതെ നന്തി ദാറുസ്സലാം, ഒറവംപുറം, കണ്ണൂരിലെ മാട്ടൂല്‍, കുളപ്പറമ്പ്, മണലടി, ഏപ്പിക്കാട്, ഇരുമ്പുഴി, ചെമ്പ്രശ്ശേരി, ആലത്തൂര്‍പടി, ജന്നത്തുല്‍ ഉലൂം പാലക്കാട്, പള്ളിശ്ശേരി, കാരത്തൂര്‍, ചെമ്മാട്, മാവൂര്‍ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മുഹമ്മദ് മുസ‍്‍ലിയാരെ ആശുപത്രിയില്‍ പ്രവേശിച്ചത്. ഇന്നലെ രാവിലെയോടെ ആരോഗ്യനില വഷളായി. ഇതേ തുടര്‍ന്ന് ഐ.സി.യു വില്‍ പ്രവേശിപ്പിച്ച മുഹമ്മദ് മുസ്‌ലിയാര്‍ രാത്രിയോടെ അന്തരിക്കുകയായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് കുമരംപുത്തുര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

 

0Shares

The Latest