Categories
news

വികസന മുരടിപ്പ്; സോഷ്യൽ മീഡിയ ആഞ്ഞടിക്കുന്നു – എം.എൽ.എ പ്രതിക്കൂട്ടിൽ.

കാസര്‍കോട്: മണ്ഡലത്തിലെ പല റോഡുകളും തകര്‍ന്നു തരിപ്പണമായിരിക്കെ നന്നാക്കാനുള്ള സത്വര നടപടി സ്വീകരിക്കാത്തതിനാല്‍ എന്‍.എ നെല്ലിക്കുന്ന് എം.ല്‍.എ ക്കെതിരെ നാട്ടുകാര്‍ സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രതിഷേധം രേഖപ്പെടുത്തി വരികയാണ്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വികസനമുരടിപ്പിനെതിരെ സ്വന്തം ചേരിയില്‍ പെട്ടവര്‍ തന്നെയാണ് രൂക്ഷമായ വിമര്‍ശനവുമായി എം.ല്‍.എ ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം നടത്തിയ പല പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ‘കുറപ്പിന്റെ ഉറപ്പുപോലെ’ പാഴ് വാക്കുകളായി മാറുകയാണെന്ന് പലരും ചൂണ്ടിക്കാട്ടി. അന്ന് വോട്ട് ചോദിക്കാന്‍ അദ്ദേഹം വന്നതിനിടയില്‍ റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിനെയും മറ്റു വാഗ്ദാനങ്ങളെയും അക്കമിട്ട് നിരത്തി എം.ല്‍.എ യെ ഓര്‍മ്മപ്പെടുത്തുന്ന പോസ്റ്റും ഫോട്ടോയും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്.

 

സാമൂഹിക സാംസ്‌കാരിക മേഖലകളിലും മറ്റും എം.ല്‍.എ സജീവ സാന്നിധ്യമാണെങ്കിലും മണ്ഡലത്തിന്റെ വികസന കാര്യങ്ങളില്‍ അദ്ദേഹം മതിയായ ഗൗരവവും താല്‍പര്യവും കാട്ടുന്നില്ലെന്നാണ് പരക്കെയുള്ള ആരോപണം. വികസന രംഗത്ത് ജില്ലയിലെ മറ്റു നിയമസഭാ മണ്ഡലങ്ങളുടെ പിറകിലാണ് കാസര്‍കോട് മണ്ഡലത്തിന്റെ സ്ഥാനമെന്ന് അവര്‍ ഖേദപൂര്‍വ്വം ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി കാസര്‍കോട് നിവാസികള്‍ അനുഭവിക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കാത്ത കാര്യം പരാമര്‍ശിച്ചു കൊണ്ട് അവര്‍ എം.ല്‍.എ യെ പ്രതിക്കൂട്ടിലാക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് പ്രഖ്യാപിച്ച ബദിയടുക്ക മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം ഒച്ചിന്റെ വേഗതയില്‍ ഇഴയുകയാണ്. മെഡിക്കല്‍ കോളേജ് നിര്‍മ്മാണ വേഗതയ്ക്ക് ആക്കം കൂട്ടാന്‍ എല്‍എ വേണ്ട രീതിയില്‍ ശ്രമിക്കുന്നില്ലെന്നാണ് പരാതി. കാസര്‍കോട് നഗരത്തിലും പരിസര പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്ന ബാവിക്കര ശുദ്ധജല പദ്ധതി ഇപ്പോഴും കടലാസില്‍ വിശ്രമിക്കുകയാണ്- ഇത് ജനങ്ങളോടുള്ള ക്രൂരതയാണെന്ന് അവര്‍ പറയുന്നു.

മണ്ഡലത്തിലെ പ്രധാന റോഡുകളായ ചെര്‍ക്കള -അഡ്യനടുക്ക റോഡ്, നായന്‍മാര്‍മൂല -ആലംപാടി -മാന്യ റോഡ് , ബി.സി റോഡ് – മാന്യ റോഡ്, മുള്ളേരിയ – നാട്ടക്കല്‍ റോഡ്, മധൂര്‍ ടെംപിള്‍ റോഡ്, അര്‍ലടുക്ക-പുണ്ടൂര്‍-കറുവത്തടുക്ക റോഡ്, മല്ലം ടെംപിള്‍ റോഡ് തുടങ്ങി നിരവധി റോഡുകള്‍ തകര്‍ന്നു തരിപ്പണമായി കിടക്കുന്നു. ഒറ്റപ്പെട്ട ചില റോഡുകളുടെ പണി ആരംഭിച്ചതല്ലാതെ ഈ വര്‍ഷവും യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. സുഗമമായ വാഹന ഗതാഗതത്തിനും കാല്‍നട യാത്രയ്ക്കും ജനങ്ങള്‍ അനുഭവിക്കുന്ന ക്ലേശം വിവരണാതീതമാണെന്ന് ഇവര്‍ ആരോപിക്കുന്നു. റോഡുകളുടെ അറ്റകുറ്റ പണി യഥാസമയം നടത്താത്ത ഉദ്യോഗസ്ഥരും ജനപ്രതിനിധിയും ഒരുപോലെ ഗുരുതരമായ ഉത്തരവാദിത്വ വീഴ്ച വരുത്തിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ക്ഷമയുടെ നെല്ലിപലകയും കണ്ട് കഴിഞ്ഞ ഈ സാഹചര്യത്തില്‍ യാത്രാ ദുരിതം കൊണ്ട് വലയുന്ന നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് അവര്‍ വ്യക്തമാക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest