Categories
news

വര്‍ധ ചുഴലിക്കാറ്റില്‍ മരണം പത്തായി.

ചെന്നൈ: തമിഴ്‌നാട്-ആന്ധ്ര തീരങ്ങളില്‍ ദുരന്തം വിതച്ച വര്‍ധ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം പത്തായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ചെന്നൈയില്‍ നാലു പേര്‍ക്കും കാഞ്ചീപുരത്തും തിരുവള്ളൂരും രണ്ടു പേര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. വില്ലുപുരത്തും നാഗപട്ടണത്തുമാണ് മറ്റു രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്ത കാറ്റിലും മഴയിലും മതിലിടിഞ്ഞു വീണാണ് കൂടുതല്‍ പേര്‍ക്കും ജീവന്‍ നഷ്ടമായത്.


വര്‍ധ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളില്‍ ഇപ്പോഴും തുടരുകയാണ്. കാറ്റിന്റെ വേഗത കുറഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഇപ്പോള്‍ മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കാറ്റ് തുടരുന്ന പശ്ചാത്തലത്തില്‍ ചെന്നൈയിലും തമിഴ്‌നാട്ടിലെ കടലോര ജില്ലകളിലും ഇന്നും ജാഗ്രതാ നിര്‍ദ്ദേശം തുടരും.

കേരളത്തിലും കര്‍ണാടകയിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.തമിഴ്‌നാട്ടിലും ആന്ധ്രയിലുമായി ഇരുപതിനായിരത്തിലധികം പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കാറ്റില്‍ കടപുഴകിവീണ് റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ മരങ്ങള്‍ മുറിച്ചുനീക്കുന്ന പ്രവര്‍ത്തനവും പുരോഗമിക്കുന്നു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വ്യാപക നാശമുണ്ടാക്കിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്നു പുലര്‍ച്ചെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇന്നലെ തടസ്സപ്പെട്ട ട്രെയിന്‍ സര്‍വീസും ഭാഗികമായി പുനരാരംഭിച്ചു. തിങ്കളാഴ്ച രാത്രി പുറപ്പെടേണ്ട ചെന്നൈ-മംഗലാപുരം മെയില്‍ 12 മണിക്കൂറിന് ശേഷം രാവിലെ എട്ടിനാണ് പുറപ്പെട്ടത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്‌കൂളുകളും കോളേജുകളും ഇന്നു പ്രവര്‍ത്തിക്കില്ല. കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *