Categories
news

രാഷ്ട്രകവിക്ക് നിത്യസ്മാരകമായി ‘ഗിളിവിണ്ടു’.

കാസര്‍കോട്: രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ സ്മരണക്കായി നടപ്പാക്കുന്ന ‘ഗിളിവിണ്ടു’ പ്രൊജക്റ്റിന്റെ ഉദ്ഘാടനം ഈമാസം നടക്കും. മഞ്ചേശ്വരത്തെ കവി ഭവനത്തില്‍ ചേര്‍ന്ന സ്മാരക ട്രസ്റ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക ട്രസ്റ്റ് ചെയര്‍മാനും കേന്ദ്ര ധനകാര്യ പാര്‍ലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. എം. വീരപ്പമൊയ്‌ലി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ജീവന്‍ബാബു, ഡോ. ഡി.കെ ചൗട്ട തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

നവീകരിച്ച കവി ഭവനവും, യക്ഷഗാന മ്യൂസിയവും ഉള്‍പ്പെടുന്ന നളന്ദ, ഭവനിക എന്നീ ഓഡിറ്റോറിയങ്ങള്‍, വൈശാഖി, സാകേത, ആനന്ദ് എന്നീ അതിഥിമന്ദിരങ്ങള്‍, ബോധിരംഗ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ലൈബ്രറി, പഠനമുറി, പുരാരേഖാ കേന്ദ്രം, ഡോര്‍മെറ്ററി എന്നിവ ഉള്‍പ്പെടുന്ന അനക്‌സ് ബില്‍ഡിംഗ്, ആര്‍കിടെക്ചറല്‍ കോംമ്പൗണ്ട് വാള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ‘ഗിളിവിണ്ടു’ പദ്ധതി.

രാഷ്ട്രകവി ഗോവിന്ദ പൈയുടെ 4500 പുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് ഇവിടെ സൂക്ഷിക്കും. ഗോവിന്ദ പൈയുടെ ലോഹ പ്രതിമ കവി ഭവനത്തിനുമുന്നില്‍ സ്ഥാപിക്കും. മുന്‍ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെ സഹപാഠി കൂടിയായിരുന്ന മഞ്ചേശ്വരം ഗോവിന്ദ പൈക്ക് കന്നഡയും മലയാളവും ഹിന്ദിയും ഉള്‍പ്പെടെ 18 ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു. അദ്ദേഹം ഭാരതീയ സാഹിത്യത്തിനും സംസ്‌കാരത്തിനും ദേശീയ സ്വാതന്ത്ര പ്രസ്ഥാനത്തിനും നല്‍കിയ സംഭാവനകള്‍ അതുല്ല്യമാണ്. കേരള-കര്‍ണ്ണാടക സര്‍ക്കാറുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ധന സഹായത്തോടെ അഞ്ചുകോടിയില്‍ പരം രൂപ ചെലവഴിച്ചാണ് ‘ഗിളിവിണ്ടു’ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest