Categories
news

മീഡിയ വണ്‍ തൊഴില്‍ പ്രശ്‌നത്തിന് പരിഹാരമായി.

കോഴിക്കോട്: മീഡിയ വണ്‍ ടി.വി ചാനലിലെ തൊഴില്‍ പ്രശ്‌നത്തിന് പരിഹാരമായി. പിരിച്ചു വിടാന്‍ നോട്ടീസുകൊടുത്ത ഒരു കൂട്ടം ജീവനക്കാരെ തിരിച്ചെടുക്കാനാവില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് മാറി നാലുപേരെ തിരിച്ചെടുക്കാമെന്ന് മീഡിയവണ്‍ മാനേജ്‌മെന്റ് സമ്മതിച്ചു. ന്യൂസ് ചാനലാണെങ്കിലും വാര്‍ത്തയോടൊപ്പം വിനോദ പരിപാടികളും മീഡിയവണ്‍ സംപ്രേഷണം ചെയ്യ്തു വരുന്നുണ്ട്. അതിനിടയില്‍ പ്രോഗ്രാം വിഭാഗം നിര്‍ത്തലാക്കുന്നുവെന്നു പറഞ്ഞാണ് സ്ഥാപനത്തിലെ 36 ജീവനക്കാരെ പിരിച്ചു വിട്ടത്. എന്നാല്‍ പിരിച്ചു വിട്ട ജീവനക്കാരില്‍ പകുതിയും ന്യൂസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ്. തുടര്‍ന്നിങ്ങോട്ട് ജീവനക്കാരും മാനേജ്‌മെന്റും തമ്മിലുള്ള ശീതസമരം ചാനലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

മീഡിയവണ്ണില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരും പിരിഞ്ഞു പോകാന്‍ ആഗ്രഹിക്കുന്നവരുമായി നിരവധി തവണ ചര്‍ച്ചനടത്തിയിരുന്നെങ്കിലും അവയൊന്നും തന്നെ വിജയിച്ചില്ല. പിരിച്ചു വിട്ട ഒരാളെപ്പോലും തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ നിയമപ്രകാരം അവകാശപ്പെട്ട ആനുകുല്യങ്ങള്‍ നല്‍കാമെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. പിരിച്ചു വിടുന്ന എല്ലാവര്‍ക്കും ഗ്രാറ്റിവിറ്റി നല്‍കുക, പിരിച്ചു വിടല്‍ അലവന്‍സ് ഓരോ വര്‍ഷവും 25 ദിവസം എന്ന കണക്കില്‍ ഉയര്‍ത്തുക, അര്‍ഹതപ്പെട്ട 9 മാസത്തെ ബോണസ് ഒരു വര്‍ഷത്തേതാക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. പ്രിവിലേജ് ലീവ് ക്യാഷ് ആയി നല്‍കാനും പ്രമേഷന്‍ കിട്ടാനുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി.

പിരിച്ചു വിട്ട ജീവനക്കാരും മാനേജ്‌മെന്റും കെ.യു.ഡബ്ല്യു.ജെ നേതാക്കളും പങ്കെടുത്ത ചര്‍ച്ചയ്ക്ക് ഒടുവിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. ജീവനക്കാര്‍ ഉന്നയിച്ച മര്‍മ്മ പ്രധാനമായ ആവശ്യങ്ങളെ മാനേജ്‌മെന്റ് അനുഭാവപൂര്‍വ്വം പരിഗണിക്കുകയായിരുന്നു. തൊഴില്‍ വകുപ്പ് ഉന്നത അധികൃതരും മീഡിയാ വണ്‍ മാനേജ്‌മെന്റും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച എല്ലാവവരോടും കെ.യു.ഡബ്ല്യു.ജെ കോഴിക്കോട് ജില്ലാ സെക്രട്ടറി എന്‍.രാജേഷ് നന്ദി രേഖപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest