Categories
news

മമ്മൂട്ടി കാസര്‍കോടന്‍ ഭാഷ പഠിക്കുന്ന തിരക്കിലാണ്.

കൊച്ചി: തൃശൂര്‍ വാമൊഴിയുള്ള പ്രാഞ്ചിയേട്ടനെയും, മലബാര്‍ ഭാഷാശൈലിയുള്ള മുരിക്കുംകുന്നത്ത്‌ അഹമ്മദ് ഹാജിയെയും, നാട്ടുഭാഷക്കാരനായ
ബാവൂട്ടിയെയും അവതരിപ്പിച്ച രഞ്ജിത്ത് ഇക്കുറി കാസര്‍കോടന്‍ സ്ലാങ്ങില്‍ സംസാരിക്കുന്ന കുമ്പള സ്വദേശിയായ നിത്യാനന്ദ ഷേണായിയായിട്ടാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം മികവുറ്റതാകാന്‍ കാസര്‍കോട് ഭാഷ പഠിക്കുന്ന തിരക്കിലാണ് മമ്മൂട്ടി. സുരാജ് വെഞ്ഞാറമൂടില്‍ നിന്ന് തിരുവനന്തപുരം ഭാഷ പഠിച്ച മമ്മൂട്ടി “രാജമാണിക്യം” എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

 ”പുത്തന്‍ പണം- ദ ന്യൂ ഇന്ത്യന്‍ റുപ്പി” ക്ക്‌ വേണ്ടി പ്രശസ്ത ചെറുകഥാകൃത്ത്  പിവി ഷാജികുമാറാണ് മമ്മൂട്ടിയെ കാസര്‍കോടന്‍ ഭാഷ പഠിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയിലെ നീലേശ്വരം സ്വദേശിയാണ് ഷാജികുമാര്‍.കാസര്‍കോട് ജില്ലയിലെ നാട്ടിന്‍ പുറങ്ങളിലുള്ള ജനങ്ങളുടെ സംസാര ഭാഷ ഷാജികുമാറിന്റെ പല കഥകളിലും കടന്നുവന്നിട്ടുണ്ട്. അവ വായനക്കാരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിട്ടുമുണ്ട്.

 

കാസര്‍കോടിന്റെ തനത് ഭാഷയായ “ചോറ് ബെയ്ച്ചാ?”( ഊണ്‍ കഴിച്ചോ), “പാങ്ങ്ണ്ടാ” (ഭംഗിയുണ്ടോ), “ഞങ്ങ”(ഞങ്ങള്‍), “നിങ്ങ”(നിങ്ങള്‍), “ഈടെ”(ഇവിടെ), “ഓന്‍ ബന്ന്‌”(അവന്‍ വന്നു), “ഓള് കുച്ചിലുണ്ട്”(അവള്‍ അടുക്കളയിലുണ്ട്‌), തുടങ്ങിയ  തനി കാസര്‍കോടന്‍ പ്രാദേശിക ഭാഷാപദങ്ങള്‍ സിനിമയില്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.  പണത്തിന്റെ നേരില്ലാ വഴികളിലൂടെയുള്ള സഞ്ചാരം തീര്‍ക്കുന്ന സമാന്തര അധികാര കേന്ദ്രങ്ങളെക്കുറിച്ചാണ് രഞ്ജിത്തിന്റെ ഈ ചിത്രം. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘പുത്തന്‍ പണം- ദ ന്യൂ ഇന്ത്യന്‍ റുപ്പി’  മറ്റുഭാഗങ്ങള്‍ കാസര്‍കോടും ഗോവയിലും ചിത്രീകരിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *