Categories
news

പ്രസംഗിക്കാന്‍ മണിയാശാന്‍; അമ്പരക്കാന്‍ പ്രേക്ഷകര്‍!

തൊടുപുഴ: ഒരു സുപ്രധാന ചടങ്ങിന്റെ വേദിയില്‍ ഉദ്ഘാടകനോ മുഖ്യാതിഥിയോ വിഷയം മറന്ന് പ്രസംഗിച്ചാല്‍ എന്താകും കഥ!. നാട്ടിന്‍ പുറത്തായാലും നഗരത്തിലായാലും സംഗതി അശകൊശ ആകുമെന്നുറപ്പ്. ചിലപ്പോള്‍ ചീമുട്ട കൊണ്ട് അഭിഷേകം നടത്തും, അല്ലെങ്കില്‍ കല്ല് കൊണ്ട് ലഡു ഏറ് നടക്കും. കഥാപാത്രം മുഖ്യമന്ത്രിയോ, മന്ത്രിയോ അതുപോലൊരു വിഐപിയോ ആയാല്‍ പിന്നെ സദസ്യര്‍ക്ക് പ്രസംഗം കഴിയുന്നത് വരെ സഹിച്ച് ഇരിക്കുകയേ നിര്‍വ്വാഹമുള്ളൂ. ഇങ്ങനെയൊരു ദുരവസ്ഥയാണ് ഇടുക്കി നിവാസികള്‍ക്ക് ഉണ്ടായത്. തൊടുപുഴയില്‍ അരങ്ങേറിയ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ വേദിയിലാണ് സംഭവം.

ഉദ്ഘാടക പ്രസംഗകന്‍ വൈദ്യുതി മന്ത്രി എം.എം.മണി. വിഷയം കല. എന്നാല്‍ ഉദ്ഘാടകന്‍ ഘോരഘോരം പ്രസംഗിച്ചത് കായിക വിഷയം!. മന്ത്രിക്ക് തെറ്റിയതാണോ, അല്ലെങ്കില്‍ കായിക രംഗത്തിന്റെ അവസ്ഥ സാന്ദര്‍ഭികമായി വിവരിച്ചതാണോ എന്ന കാര്യം ഉദ്ഘാടന പ്രസംഗം തീര്‍ന്നിട്ടും കാണികളില്‍ പലര്‍ക്കും ഒട്ട് മനസ്സിലായതുമില്ല!. കലാരംഗത്തേയോ ജില്ലാകലോത്സവത്തെ പറ്റിയോ ഒന്നും സ്പര്‍ശിക്കാതെ നാട്ടുകാരുടെ പ്രിയപ്പെട്ട  മണിയാശാന്‍ തകര്‍ത്ത് വിട്ടത് ഇന്ത്യന്‍ കായിക രംഗത്തെക്കുറിച്ച്!. കായികരംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പ്രസംഗം കത്തിപ്പടരവെ  വേദിയും സദസും ആശയക്കുഴപ്പത്തിലായി.

 

 

‘പിന്തിരിഞ്ഞ് നോക്കിയാല്‍ പി.ടി.ഉഷയും പ്രീജാ ശ്രീധരനും ഷൈനി എബ്രഹാമും പോലെ അപൂര്‍വം ചിലര്‍ മാത്രമേ ഉയര്‍ന്നുവന്നിട്ടുള്ളൂ. ആഫ്രിക്കന്‍ രാജ്യങ്ങള്‍ വരെ സ്വര്‍ണം വാരിക്കൂട്ടുന്നു. അമേരിക്കയും ചൈനയും മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ഇന്ത്യക്ക് ഓടോ വെങ്കലമോ വല്ലോം കിട്ടിയാല്‍ കിട്ടിയെന്ന് പറയാം’. കായിക രംഗത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് മന്ത്രി മണി ഇമ്മട്ടില്‍ വരച്ചുകാട്ടി. വേദിയില്‍ ഉണ്ടായിരുന്ന ജോയ്സ് ജോര്‍ജ് എം.പി, എം.എല്‍.എ.മാരായ പി.ജെ.ജോസഫ്, ഇ.എസ്.ബിജിമോള്‍ തുടങ്ങിയവര്‍ മണിയാശാന്റെ പ്രസംഗ പെരുമഴയില്‍ നനഞ്ഞു കുതിര്‍ന്നു. സദസിന്റെ കണ്ണുതള്ളി. തനിക്ക് അക്കിടി പറ്റിയ കാര്യം മണിയാശാന് എപ്പോഴോ പിടികിട്ടിയപ്പോള്‍ കൗശലപൂര്‍വ്വം കരണം മറിഞ്ഞു. പിന്നെ സൂത്രത്തില്‍ ജില്ലാ കലോത്സവത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ച് പ്രസംഗത്തിന്റെ റൂട്ട് തിരിച്ചുവിടുകയും അവസാന ക്ലീനായി രക്ഷപ്പെടുകയും ചെയ്തു.

 

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest