Categories
news

പൊതുജന കൂട്ടായ്മകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണം- മന്ത്രി എ.കെ ബാലന്‍.

പാലക്കാട്: അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തീയറ്ററില്‍ ദേശീയഗാനാലാപനവേളയില്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ പോലീസ് പിടികൂടിയ നടപടി വിവാദമാകുന്നു. സിനിമാ പ്രദര്‍ശനം തുടങ്ങുന്നതിന് മുന്‍പ് ദേശീയ ഗാനം നിര്‍ബന്ധമാക്കികൊണ്ട് അടുത്തകാലത്താണ് സുപ്രീം കോടതി ഉത്തരവിട്ടത്. അതേത്തുടര്‍ന്നാണ് തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലും ഇത് കര്‍ശനമായി നടപ്പിലാക്കിയത്. പൊതുജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് വ്യക്തിപരമായി താന്‍ ആഗ്രഹിക്കുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ ദേശീയഗാനം ചൊല്ലിയ വേളയില്‍ ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കാത്തവരുടെ നടപടി ഒട്ടും ശരിയായില്ലെന്ന് മന്ത്രി പറഞ്ഞു. ഒരാളില്‍ ദേശീയ ബോധം സ്വമേധയാ ഉണ്ടാകേണ്ടതാണ്. നമ്മുടെ ദേശത്തിന്റെ വികാരം നമ്മള്‍ മനസിലാക്കിയില്ലെങ്കില്‍ വേറെ ആരു മനസിലാക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഭീഷണിയും ബലപ്രയോഗവും കൊണ്ട് ആരിലും ദേശീയ വികാരം ഉണര്‍ത്താന്‍ സാധിക്കില്ല. മനോവികാസവും പൊതു ബോധവുമുള്ള ഏതൊരാളിലും ദേശസ്‌നേഹം ഉണ്ടാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ അവരുടെ ദേശീയഗാനത്തെ നാം ബഹുമാനിച്ചില്ലെങ്കില്‍ അത് മാന്യത ഇല്ലായ്മയായി വിലയിരുത്തപ്പെടും. സമാന രീതിയില്‍ ചിന്തിച്ചാല്‍ ദേശീയഗാനം ആലപിക്കുന്ന സന്ദര്‍ഭത്തില്‍ നാം എഴുന്നേറ്റു നില്‍ക്കേണ്ടതിന്റെ യുക്തി പിടികിട്ടുമെന്നും മന്ത്രി ബാലന്‍ പാലക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest