Categories
news

നോട്ട് ക്ഷാമം രൂക്ഷം: ശമ്പളവിതരണം പ്രതിസന്ധിയില്‍.

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ഇന്നു മുതല്‍ വിതരണം ചെയ്യുകയാണ്. ശമ്പള ദിവസമായതിനാല്‍ ഇന്ന് ട്രഷറികള്‍ ആറുമണിവരെ പ്രവര്‍ത്തിക്കും. റിസര്‍വ് ബാങ്ക് കേരള സര്‍ക്കാരിന് 1000 കോടി രൂപ അനുവദിക്കുമെന്ന് നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മുഴുവന്‍ ശമ്പളവും എത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ശമ്പളം അക്കൗണ്ടില്‍ രേഖപ്പെടുത്തുമെങ്കിലും പിന്‍വലിക്കാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നാണ് അറിയുന്നത്.

thomas-issac

സര്‍ക്കാര്‍ മേഖലയിലെ ശമ്പളത്തിനും പെന്‍ഷനുമായി വേണ്ടത് 3600 കോടിയോളമാണ്. എന്നാല്‍ റിസര്‍വ് ബാങ്ക് വാഗ്ദാനം ചെയ്ത 1000 കോടി രൂപയില്‍ ഇപ്പോള്‍ 500 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ ശമ്പളവും പെന്‍ഷനും മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ജീവനക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും പണം കിട്ടുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും കറന്‍സി ക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉച്ചയോടെ ബാങ്കുകളില്‍ പണം തീരുകയും ഇടപാടുകാരുടെ പ്രതിഷേധം ഭയന്ന് ബാങ്കുകളും എടിഎമ്മുകളും നേരത്തെ തന്നെ അടച്ചിടുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ ട്രഷറികള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ട്രഷറി ഡയറക്ടര്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ട്. നോട്ട് ക്ഷാമം കെഎസ്ആര്‍ടിസിയെയും പ്രതിസന്ധിയിലാഴ്ത്തി. ജീവനക്കാരുടെ ശമ്പള വിതരണം അനിശ്ചിതാവസ്ഥയിലാണ്. പ്രശ്‌നം പരിഹരിക്കാന്‍ ഗതാഗത മന്ത്രി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

 

queue

0Shares

Leave a Reply

Your email address will not be published. Required fields are marked *