Categories
news

ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടാന്‍ സുപ്രീം കോടതി വിധി.

ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതകള്‍ക്കു സമീപമുള്ള മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരം പാതകള്‍ക്ക് 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യവില്‍പ്പനശാലകളും അടച്ചു പൂട്ടണമെന്നും നിലവില്‍ ലൈസന്‍സുള്ള മദ്യശാലകള്‍ക്ക്‌ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും കാല പരിധി കഴിയുന്നതോടെ ഇവയെല്ലാം അടച്ചു പൂട്ടണമെന്നും കോടതി ഉത്തരവില്‍ പറയുന്നു ഇതോടൊപ്പം 500 മീറ്റര്‍ പരിധിക്ക് അപ്പുറത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ബോര്‍ഡുകളോ സൂചനകളോ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാന ഡിജിപിമാരും ജില്ലാ കളക്ടര്‍മാരും ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തണമെന്ന് കോടതി നിഷ്‌കര്‍ഷിച്ചു.

മദ്യപിച്ച് വാഹനമോടിക്കുന്നതിനാലാണ് രാജ്യത്ത് വാഹനാപകടം അടിക്കടി വര്‍ധിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ സുപ്രീം കോടതിയുടെ ഈ വിധി. ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ അടച്ചു പൂട്ടണമെന്ന് വിവിധ ഹൈക്കോടതികള്‍ നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വിവിധ സംസ്ഥാന സര്‍ക്കാറുകളും മറ്റുള്ളവരും നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. വിധി നടപ്പിലാക്കിയ റിപ്പോര്‍ട്ട് ഒരു മാസത്തിനകം എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാരും കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി.

ഇനിമുതല്‍ ദേശീയ-സംസ്ഥാന പാതകള്‍ക്ക് സമീപം പുതിയ ബാറുകള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. മദ്യവില്‍പ്പന തന്നെ പാടില്ലെന്ന് നേരത്തെ ഉത്തരവിട്ട സാഹചര്യത്തില്‍ നിലവിലുള്ള മദ്യഷാപ്പുകള്‍ക്കും ബാര്‍ ഹോട്ടലുകള്‍ക്കും കോടതി വിധി ഒരുപോലെ ബാധകമാണ്. മുനിസിപ്പല്‍, കോര്‍പറേഷന്‍
പ്രദേശങ്ങളിലൂടെ ദേശീയ-സംസ്ഥാന പാതകള്‍ കടന്നു പോകുന്നുണ്ടെങ്കില്‍ ആ പാതകള്‍ക്കും 500 മീറ്റര്‍ പരിധിയില്‍ മദ്യശാല പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.

0Shares

The Latest