Categories
news

തമിഴ്‌നാട്ടില്‍ നേതൃസ്ഥാനത്തിനു ശക്തമായ വടംവലി: പാര്‍ട്ടിയെ നയിക്കാന്‍ ദീപയോ? ശശികലയോ?

ചെന്നൈ: ജയലളിതയുടെ മരണത്തിനും അതു സംബന്ധിച്ച ദുരൂഹതയ്ക്കും വിവാദത്തിനും പിന്നാലെ എ.ഐ.എ.ഡി.എം.കെയുടെ നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള സന്നദ്ധതയുമായി ജയയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ രംഗത്ത്. തമിഴകത്തെ രാഷ്ട്രീയ രംഗം അനിശ്ചിതത്വത്തിന്റെയും സങ്കീര്‍ണ്ണതയുടെയും നടുവിലാണ്. എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുക്കാന്‍ പാര്‍ട്ടിയുടെ സമുന്നത നേതാക്കള്‍ കഴിഞ്ഞ ദിവസമാണ് ജയലളിതയുടെ ഉറ്റതോഴിയായിരുന്ന ശശികലയോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ അതിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടി നേതൃത്ത്വത്തെ അമ്പരപ്പിച്ചു കൊണ്ട് ജയലളിതയുടെ അടുത്ത ബന്ധുവായ ദീപയുടെ രംഗപ്രവേശം. ജയലളിതയുടെ പിന്‍ഗാമിയാകാന്‍ താന്‍ തയ്യാറാണെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും ദീപ ജയകുമാര്‍ അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞു.

 

നിലവില്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണമാത്രമേ ദീപയ്ക്കുള്ളൂവെങ്കിലും ശശികലയുടെ വരവിനെ എതിര്‍ക്കുന്നവരും ഇനിയുള്ള ദിവസങ്ങളില്‍ ദീപയ്ക്ക് പിന്തുണയായി വരുമെന്നാണ് സൂചന. ശശികല ജനറല്‍ സെക്രട്ടറിയാകുന്നുവെന്ന വാര്‍ത്ത പരന്നതോടെ ഇതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെത്തിയിരുന്നു. പിന്നീട് പോലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. അധികാരം പിടിച്ചെടുക്കാനുള്ള ശശികലയുടെ ശ്രമങ്ങളെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും പാര്‍ട്ടിയെ ആരു നയിക്കണമെന്നത് ജനങ്ങള്‍ക്ക് വിടുന്നതാണ് നല്ലതെന്നും ദീപ പറഞ്ഞു. എന്നാല്‍ ദീപയുടെ ഈ നിലപാട് എഐഎഡിഎംകെ നേതൃത്വം ഇപ്പോള്‍ കാര്യമായി എടുത്തിട്ടില്ല.

നേതൃസ്ഥാനം കൈക്കലാക്കാന്‍ ശശികല നടത്തുന്ന കുത്സിത ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് തന്റെ വിശ്വാസമെന്ന് ദീപ പറഞ്ഞു. തന്റെ പിന്‍ഗാമിയായി ജയലളിത ശശികലയെ ആഗ്രഹിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളെ ദീപ അവജഞയോടെ തള്ളി. വൈകാതെ ശശികലയുടെ തനി നിറം വെളിപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് വസ്തുതകള്‍ മനസ്സിലാകുമെന്നാണ് താന്‍ കരുതുന്നെന്നും ദീപ കൂട്ടിച്ചേര്‍ത്തു.

ഒറ്റനോട്ടത്തില്‍ ജയലളിതയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ദീപയുടെ രൂപസാദൃശ്യം. അതുകൊണ്ടു തന്നെ അവര്‍ തമിഴ് ജനതയ്ക്ക് സ്വീകാര്യയാകും എന്നും സൂചനയുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *