Categories
news

ജയലളിതയുടെ കരുത്ത് കണ്ണൂര്‍ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം.

കണ്ണൂര്‍: ജയലളിതയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് തമിഴകം കണ്ണീരണിയുമ്പോള്‍ കേരളത്തില്‍ നിന്നും  പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അവരുടെ ഇഷ്ട ക്ഷേത്രങ്ങളിലൊന്നായിരുന്ന കണ്ണൂര്‍ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം. രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്ത് നേടാന്‍ പലപ്പോഴും
ജയലളിത അഭയം തേടിയത്‌ രാജരാജേശ്വരനെയായിരുന്നു. 2001ല്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദത്തിലെത്തിയ സമയത്തായിരുന്നു ജയലളിത തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്ര സന്ദര്‍ശനം നടത്തിയത്.
rajarajeshwara-temple

 

പ്രസിദ്ധജ്യോതിഷ പണ്ഡിതന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കറുടെ നിര്‍ദ്ദേശോപദേശത്തെ തുടര്‍ന്നാണ് തമിഴകത്തിന്റെ അമ്മ വിഖ്യാതമായ ഈ ശിവക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ പിന്നീടൊരിക്കലും നേരിട്ടെത്താനായില്ലെങ്കിലും എല്ലാ മാസങ്ങളിലും അമ്മയ്ക്കു വേണ്ടി പ്രത്യേക ദൂതന്‍മാര്‍ വഴി പ്രാര്‍ഥനകളും വഴിപാടുകളും  മുടങ്ങാതെ നടത്തി. ക്ഷേത്രവുമായുള്ള ബന്ധത്തിന് മുടക്കം വരാതെ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പണത്തിലൂടെ ജയലളിത ആ അദൃശ്യ ബന്ധം നിലനിര്‍ത്തി. കേവലം നാല് മാസക്കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് രാഷ്ട്രീയ എതിരാളിയും മുന്‍മുഖ്യമന്ത്രിയുമായ കരുണാനിധിയെ അറസ്റ്റ് ചെയ്തതടക്കമുള്ള നടപടികള്‍ക്കും കൊടുമ്പിരിക്കൊണ്ട വിവാദങ്ങള്‍ക്കുമിടെയായിരുന്നു ജൂലൈ മാസത്തിലെ ഒരുമഴക്കാല ദിനത്തില്‍ അവര്‍ ഇവിടെ നേരിട്ടെത്തിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് അമ്മ അകന്നു പോയെങ്കിലും 15 വര്‍ഷം മുമ്പ് തൊഴുത് മടങ്ങുമ്പോള്‍ വീണ്ടും വരുമെന്ന്‌ ജയലളിത പറഞ്ഞകാര്യം വികാരഭാരത്തോടെ ഓര്‍ക്കുകയാണ് ക്ഷേത്രം ജീവനക്കാര്‍.

rajatemple-1

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest