Categories
channelrb special news

ഗർഭിണികളുടെയും ശിശുക്കളുടെയും മരണം വർധിച്ചുവരുന്നതിൽ അന്വേഷണം വേണം; ആശുപത്രി പ്രസവമുറികളിൽ ആവശ്യത്തിന് ജീവൻ രക്ഷാ സംവിധാനങ്ങളില്ല


പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: സ്വകാര്യാശുപത്രികളിലെ പ്രസവമുറികളിൽ ഗർഭിണികളുടെയും ശിശുക്കളുടെയും മരണം വർധിച്ചുവരുന്നതിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ജീവൻ രക്ഷാ സംവിധാനങ്ങളില്ലാതെയാണ് പല പ്രസവ മുറികളും പ്രവർത്തിക്കുന്നത്. രോഗി അത്യാസന്ന നിലയിൽ ആകുമ്പോൾ ഡോക്ടർമാർ കുറ്റകൃത്യത്തിൽ നിന്നും കയ്യൊഴിയാൻ മംഗലാപുരത്തെ ആശുപത്രികളിലേക്ക് ആംബുലൻസിൽ കയറ്റിവിടുന്നതും പതിവാണ്. വൈകിയുള്ള ഈ നടപടികൾ പലപ്പോഴും രോഗിയുടെ ജീവൻ അപകടത്തിലാവാൻ കാരണമാകുന്നു. കഴിഞ്ഞ ദിവസം കോട്ടക്കണ്ണിയിലെ സ്വകാര്യാശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായപ്പോൾ ചികിത്സയ്ക്ക് മംഗലാപുരത്തേക്കയച്ച യുവതി ദുരൂഹമായി മരിച്ചിരുന്നു.

ബോവിക്കാനം അമ്മങ്കോട്ടെ ഗർഭണിയായ യുവതിയെ ബുധനാഴ്ച രാത്രിയായിരുന്നു കാസര്‍കോട്ടെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിനിടെ യുവതി ജീവനക്കാരുടെ അനാസ്ഥയിൽ കട്ടിലിൽ നിന്നും താഴെ വീണതാണെന്നും പറയപ്പെടുന്നു. അമിത രക്തസ്രാവമെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. പെട്ടന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് എത്തിക്കണമെന്നാണ് ഡോക്ടർ ബന്ധുക്കളോട് പറഞ്ഞത്. ആശുപത്രികളിൽ ഒരു ഗൈനക്കോളജി ഡോക്ടർ ദിവസവും നിരവധി പേരെയാണ് ശുശ്രുഷിക്കേണ്ടി വരുന്നത്. കച്ചവട താല്പര്യം മുൻനിർത്തി ഡോക്ടർക്ക് പറ്റുന്നതിനേക്കാൾ കൂടുതൽ പേരെ അഡ്‌മിറ്റ്‌ ചെയ്യുന്നത് പ്രസവ മുറികളിൽ തിരക്ക് കൂടാൻ കാരണമാകുന്നു. ഡോക്ടർമാർ കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ നഴ്‌സുമാരെ കൊണ്ട് ചെയ്യിക്കുന്നതും ചില ആശുപത്രികളിൽ പതിവായിട്ടുണ്ട്. ഇത് അമ്മയുടെയും കുഞ്ഞിൻ്റെയും ജീവന് ഭീഷണിയാകുന്നു.

അനാവശ്യ സിസേറിയന് നിർബന്ധിക്കുന്നതും ശാരീരികമായും മാനസികമായും ഏറെ പരിചരണം ആവശ്യമുള്ള ഗർഭകാലത്ത് ഡോക്ടർമാർ സ്ത്രീകളെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുന്നതും പതിവായതായും പരാതിയുണ്ട്. നേരത്തേയാക്കാൻ നിർബന്ധിത പ്രസവം സ്ത്രീകളെ ഏറെ മാനസികമായി തളർത്താറുണ്ട്. അതിനാൽ രക്തസമ്മർദ്ദം വർധിക്കുകയും അനുചിതമല്ലാത്ത ഇത്തരം സന്ദർഭങ്ങൾ മരണകാരണമാകുന്നതായും കണ്ടെത്തിയിരുന്നു. അണുവിമുക്ത ലേബർ റൂമുകളിൽ പ്രത്യകം നഴ്‌സിംഗ് ജീവനക്കാരെ നവജാതശിശു പരിചരണത്തിന് നിയോഗിക്കണമെന്ന മാനദണ്ഡങ്ങൾ പല ആശുപത്രികളിലും പാലിക്കപ്പെടുന്നില്ല. കാസർകോട്ടെ ചില സ്വകാര്യശുപത്രികൾക്കെതിരെ ഇതിനകം പരാതികളുയർന്നിട്ടുണ്ട്. നവജാത ശിശുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താത്ത ആശുപത്രികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മേധാവി ചാനൽ ആർ.ബിയോട് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest