Categories
news

കോൺഗ്രസ്സേ നശിക്കുമോ, നന്നാകുമോ..?

എഡിറ്റോറിയൽ :  കേരളത്തിലെ കോൺഗ്രസ് പാർട്ടി നാൾക്കുനാൾ ദുർബലമാകുന്നു എന്നത് ഒരു കേവല യാഥാർഥ്യം മാത്രമാണ്. “എന്നെ തല്ലരുത് അമ്മാവാ ഞാൻ നന്നാവില്ല” എന്ന പഴമൊഴി അന്വർത്ഥമാക്കുന്ന വിധത്തിലാണ് കേരളത്തിലെ കോൺഗ്രസ്സിന്റെ പോക്ക്. അച്ചടക്കരാഹിത്യം, പാർട്ടി നേതൃത്വത്തെ വെല്ലു വിളിക്കൽ, ഗ്രൂപ്പിസം, തോന്നുംപടി പത്ര സമ്മേളനം വിളിച്ചു കൂട്ടൽ, എന്നിവയൊക്കെ കോൺഗ്രസിലെ പതിവ് കാഴ്ചകൾ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാർ എന്ന് പറഞ്ഞ പോലെയാണ് നേതാക്കന്മാരുടെയും, നേതാക്കൾ ചമഞ്ഞു നടക്കുന്നവരുടെയും സൽസ്വഭാവ വിശേഷം !

സമാദരണീയനായ വി എം  സുധീരനെ  കെ പി സി സി അദ്ധ്യക്ഷനായി ഹൈക്കമാന്റ് അവരോധിച്ചപ്പോൾ കോൺഗ്രസ്സിന് കരുത്തും നവ ചൈതന്യവും കൈവരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ “ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ” ! കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുകയാണോ ? മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരനും കോൺഗ്രസ്സ് വക്താവ് രാജ്‌മോഹൻ  ഉണ്ണിത്താനും തമ്മിലുള്ള ഏറ്റുമുട്ടലും വീഴുപ്പ് അലക്കലും ചെളി വാരി എറിയലും കൊണ്ട് കോൺഗ്രസ്സിന്റെ മുഖം വികൃതമായിരിക്കുകയാണ്.

ഒരു പാർട്ടി ശക്തിപ്പെടണ മെങ്കിൽ ഒരു നല്ല നേതൃത്വത്തിന് കീഴിൽ അണിനിരക്കുന്ന കർമ്മഭടന്മാർ വേണം. കോൺഗ്രസ്സിന് അച്ചടക്കമുള്ള  നേതൃത്വവും  അനുസരണ ശീലമുള്ള അണികളും ഇല്ലെന്നതാണ്  നിലവിലുള്ള ദുരവസ്ഥ. നേതാക്കന്മാരാണ് കോൺഗ്രസ് പാർട്ടിയിൽ അധികവും. കെ പി സി സി തൊട്ട് താഴെ തട്ടുവരെയുള്ള ജംബോ ഭാരവാഹികളുടെ എണ്ണം അമ്പമ്പോ കഷ്ടം !   ശിവ ശിവ ഇങ്ങനെയുമുണ്ടോ ഒരു പാർട്ടി.! ഇത് വ്യക്തമാക്കണമെങ്കിൽ കോൺഗ്രസ് നടത്തുന്ന ഏതെങ്കിലും  ഒരു  പരിപാടിയുടെ വേദി കാണണം. സദസ്സിനെക്കാളും കൂടുതൽ ആളുകൾ സ്റ്റേജിൽ ഉണ്ടാകും  എന്നതല്ലേ ശരി ! എല്ലാവരേയും തൃപ്തിപ്പെടുത്താൻ വേണ്ടിയാവണം ഈ രീതിയിൽ കോൺഗ്രസ് മുന്നോട്ടുപോകുന്നതെങ്കിൽ പൊതുജനം കൈവിടുന്നതിൽ എന്താണ് തെറ്റ് ? വ്യക്തമായ ആസൂത്രണമില്ലാതെ നടത്തുന്ന ഓരോ പരിപാടികളും കോൺഗ്രസ്സിനെ കൂടുതൽ വെട്ടിലാകുന്നു.

പിണറായി സർക്കാരിന് എതിരെ ശക്തമായ പ്രതിപക്ഷമാകാൻ സാധിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്സെന്നു സ്വന്തം പാളയത്തിൽ നിന്ന് തന്നെ കേൾക്കാനായതും പാർട്ടിയെ ഇപ്പോൾ കൂടുതൽ ക്ഷീണിപ്പിച്ചു. പാർട്ടി യോഗങ്ങളിൽ പറയാൻ അവസരം കിട്ടാത്തതാണോ ഇത്തരം കാര്യങ്ങൾ പരസ്യമായി പറയാൻ കാരണം എന്ന് പാവം പൊതുജനം സംശയിച്ചു പോകുന്നു. പിണറയി വിജയൻ മുഖ്യമന്ത്രി ആയതിനു ശേഷം ദുബായ് സന്ദർശനം നടത്തിയതും അവിടെ അദ്ദേഹത്തിന് ലഭിച്ച  ഊഷ്മളമായ സ്വീകരണവും കോൺഗ്രസിനെയും മറ്റു പാർട്ടികളെയും ഒരുപോലെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രവാസി മലയാളികൾക്കിടയിൽ പിണറായിക്കുള്ള സ്വീകാര്യത തെളിയിക്കുന്ന പരിപാടി കൂടിയായിരുന്നു അദ്ദേഹത്തിന്റെ ദുബായ് സന്ദർശനം.

കോൺഗ്രസ് പാർട്ടി ശക്തമാവണമെങ്കിൽ പരസ്പരമുള്ള ഈഗോ മാറ്റിവെച്ചു കൊണ്ട് താഴെ തട്ടിലുള്ള സാധാരണക്കാരുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കണം. ഇതിനു ആവശ്യമായ നല്ല പാർട്ടി പ്രവർത്തകരെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതിന് അനുസരിച്ച നടപടികളുമായി നേതൃത്വം പൊതുജനങ്ങൾക്കിടയിൽ പ്രവർത്തനം കേന്ദ്രീകരിക്കണം.സാധാരണക്കാരന് ഉപകാരപ്രദമാകുന്ന ഫീൽഡ് പ്രവർത്തനവുമായി മുന്നിട്ടിറങ്ങണം. തൊട്ടതിനും പിടിച്ചതിനും സ്റ്റേജിൽ കയറി പ്രസംഗം നടത്തുകയും, ജാഥ സംഘടിപ്പിക്കുകയും ചെയ്യുന്ന പതിവ് പരിപാടി അവസാനിപ്പിക്കണം. പരസ്പരം ചെളിവാരി തേക്കുന്ന ഗ്രൂപ്പ് പ്രവർത്തനം  അവസാനിപ്പിക്കുകയും ഒറ്റ നേതൃത്വത്തിന് കീഴെ എല്ലാവരും അണിനിരക്കുകയും വേണം. അങ്ങനെയൊക്കെ സംഭവിക്കുമെന്ന് നമുക്ക് സ്വപ്നമെങ്കിലും കാണാം ….

 

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest