Categories
news

ഐ.എഫ്. എഫ്.കെയില്‍ ദേശീയ ഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി.

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് അനന്തപുരി സാക്ഷ്യം വഹിക്കുമ്പോള്‍ എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനു
മുമ്പേ നിര്‍ബന്ധമായും ദേശീയ ഗാനം ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ദേശീയ ഗാനത്തിന്റെ അവതരണം വിദേശികളുള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കാണിച്ച് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്‌.

ചലച്ചിത്രോത്സവത്തില്‍ നിന്ന് ദേശീയ ഗാനം ഒഴിവാക്കണമെന്ന നിര്‍ദേശം ഞെട്ടിച്ചുവെന്നും സിനിമ കാണാന്‍ വിദേശികളുണ്ടെങ്കില്‍ അവര്‍ 20 തവണ എഴുന്നേറ്റ് നില്‍ക്കട്ടെയെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അതേ സമയം ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്ക് എഴുന്നേറ്റ് നില്‍ക്കുന്നതില്‍ ഇളവ് അനുവദിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. എല്ലാ തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു.

ചലച്ചിത്ര മേളയില്‍ ഇത് നടപ്പിലാക്കുമെന്നും ഇളവു കിട്ടാന്‍ നിയമ വിദഗ്ധരുമായി ആലോചിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് ജഡ്ജിമാരായ ദീപക് മിശ്ര, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്‌.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest