Categories
news

ആണവക്കരാറിലെ ‘റദ്ദാക്കല്‍’ നിബന്ധന ഇന്ത്യക്ക് ബാധ്യതയാവില്ല


ന്യൂഡല്‍ഹി: ആറുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ജപ്പാനുമായി കഴിഞ്ഞ വെള്ളിയാഴ്ച ഒപ്പിട്ട ആണവോര്‍ജ കരാറിലെ റദ്ദാക്കല്‍ വ്യവസ്ഥ ഇന്ത്യക്ക് ബാധ്യതയാവില്‌ളെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ജപ്പാന്റെ ഭാഗത്തുനിന്ന് ഇതുസംന്ധിച്ചുണ്ടായ പ്രത്യേക പ്രതികരണങ്ങള്‍ ആശയമെന്ന നിലയില്‍ കരാറില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. അത് ഇന്ത്യക്ക് ഒരുതരത്തിലും അധികബാധ്യതയാവില്ല. അതിന് സമാനമായ രീതിയില്‍ അമേരിക്കയടക്കം മറ്റു രാജ്യങ്ങളുമായി ഇന്ത്യ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട് -ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

0001

ടോക്യോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെയും സാന്നിധ്യത്തിലാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെട്ട കരാറില്‍ ഒപ്പുവെച്ചത്. ആണവനിര്‍വ്യാപന ഉടമ്പടിയിലും (എന്‍.പി.ടി), സമഗ്ര ആണവപരീക്ഷണ ഉടമ്പടിയിലും (സി.ടി.ബി.ടി) ഒപ്പിടാത്ത ഇന്ത്യക്ക് ആണവോര്‍ജ സാങ്കേതികവിദ്യകള്‍ കൈമാറാന്‍ കഴിയില്‌ളെന്ന കടുത്ത നിലപാടില്‍ അയവുവരുത്തിയാണ് ജപ്പാന്‍ കരാറില്‍ ഒപ്പിട്ടത്.

0002

ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചതായി 2008ല്‍ ഇന്ത്യ നടത്തിയ പ്രഖ്യാപനം ലംഘിക്കപ്പെട്ടാല്‍ കരാര്‍ റദ്ദാവുമെന്ന് നിബന്ധനയുണ്ട്. ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്കേ ഇന്ത്യ ഉപയോഗിക്കുകയുള്ളൂവെന്ന നിയമപരമായ ചട്ടക്കൂടില്‍നിന്നാണ് കരാറില്‍ ഒപ്പുവെച്ചതെന്നും ജപ്പാന്‍ വ്യക്തമാക്കിയിരുന്നു. ആണവ ബോംബിന്റെ കൊടുംദുരന്തങ്ങള്‍ നേരിട്ടനുഭവിച്ച രാജ്യമെന്ന നിലയിലാണ് ജപ്പാന്റെ ഉത്കണ്ഠകളെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest